ഗോരഖ്പുർ: ഉത്തർ പ്രദേശിൽ നടന്ന ഒരു വിവാഹത്തിൽ സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ്. വധുവിന് വരൻ വരണമാല്യം ചാർത്താനൊരുങ്ങവെ എവിടെ നിന്നോ പാഞ്ഞെത്തിയ മുൻ കാമുകൻ ഏവരെയും അമ്പരപ്പിച്ച് വധുവിന്റെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തി. ഏവരും ഒരു നിമിഷം സ്തംഭിച്ച് നിൽക്കവെ വിവാഹ പന്തലിൽ തൊണ്ണൂറുകളിലെ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ പൊരിഞ്ഞ അടി.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യാഥാർത്ഥ്യം അറിയാൻ മാധ്യമങ്ങളും പരിശോധന ആരംഭിച്ചു. ഗോരഖ്പൂരിലെ ഹർപൂരിലായിരുന്നു സംഭവം. മുഖം മുഴുവനും തുണികൊണ്ട് മൂടിയെത്തിയ മുൻ കാമുകൻ, പെൺകുട്ടിയുടെ മുഖാവരണം മാറ്റാനും ശ്രമിച്ചു.
താൻ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു എന്ന് യുവാവ് അവകാശപ്പെടുന്നു. അവളെ വിവാഹം കഴിക്കാൻ ധനം സമ്പാദിക്കുന്നതിനായി അടുത്തുള്ള പട്ടണത്തിൽ പണിക്ക് പോയി. എന്നാൽ കാശുമായി തിരികെ എത്തിയപ്പോൾ അറിയുന്നത് കാമുകിയുടെ വിവാഹമാണെന്നാണ്. പിന്നീട് മറ്റൊന്നും ആലോചിക്കാതെ മണ്ഡപത്തിൽ എത്തി സിനിമാ സ്റ്റൈലിൽ സിന്ദൂരം ചാർത്തി. എന്നാൽ പെൺകുട്ടി തള്ളിപ്പറഞ്ഞതോടെ വധൂവരന്മാരുടെ ബന്ധുക്കൾ ചേർന്ന് യുവാവിനെ തല്ലി ശരിപ്പെടുത്തി.
അനിഷ്ട സംഭവങ്ങളെ തുടർന്ന് അലങ്കോലമായ വിവാഹം പിന്നീട് അടുത്ത ദിവസം വരനുമായി തന്നെ നടന്നു. തല്ല് കിട്ടി അപമാനിതനായ കാമുകൻ ആശുപത്രിയിലുമായി.








