കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി. വാവയുടെ ആരോഗ്യ സ്ഥിതിയിൽ മികച്ച പുരോഗതിയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. ഡോക്ടർമാരോട് വാവ സുരേഷ് സംസാരിക്കുന്നുണ്ട്.
ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടായതും സ്വന്തമായി ശ്വാസമെടുക്കാൻ തുടങ്ങിയതും കാരണമാണ് വാവ സുരേഷിന്റെ വെന്റിലേറ്ററിൽ നിന്നും മാറ്റിയത്. 48 മണിക്കൂർ വരെ വാവ സുരേഷ് ഐസിയു നിരീക്ഷണത്തിൽ തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു.
അതേസമയം ശരീരത്തിലേറ്റ വിഷത്തിന്റെ പാർശ്വഫലങ്ങൾ അറിയാൻ ഏഴ് ദിവസമെടുക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. മൂർഖന്റെ കടിയേറ്റ് തിങ്കളാഴ്ചയാണ് വാവ സുരേഷിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആരോഗ്യ സ്ഥിതി മെച്ചമായെങ്കിലും വൈകീട്ട് പ്രതികരണം തീരെ കുറഞ്ഞ് അബോധാവസ്ഥയിലേക്ക് പോയിരുന്നു. ഈ അവസ്ഥയിൽ നിന്നും വലിയ മാറ്റമുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.







