പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെക്കുറിച്ച് വിവാദ പരാമർശം നടത്തിയെന്ന ആരോപണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ബിഹാറിലെ പട്നയിൽ പരാതി നൽകി. ബിജെപി ബിഹാർ സംസ്ഥാന പ്രവർത്തകസമിതി അംഗം കൃഷ്ണ സിങ് കല്ലുവാണ് പട്നയിലെ കോട്വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പിതാവിനെയും കുറിച്ച് ഖാർഗെ അപമാനകരമായ ഭാഷ ഉപയോഗിച്ചെന്നാണ് പരാതിയിലെ ആരോപണം. ഒക്ടോബർ 25-ന് പട്നയിൽ നടന്ന പൊതുപരിപാടിക്കിടെയാണ് വിവാദത്തിന് തുടക്കമായത്. ബിഹാറിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഡോ. ശ്രീകൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു ഖാർഗെ. പ്രസംഗത്തിനിടെ സദസ്സിലുണ്ടായിരുന്ന ഒരാൾ പ്രധാനമന്ത്രി മോദി അധികാരത്തിൽനിന്ന് പോകില്ലെന്ന് വിളിച്ചുപറഞ്ഞു. ഇതിന് മറുപടിയായി ഖാർഗെ “മോദിയുടെ അച്ഛനും പോകും”എന്ന പരാമർശം നടത്തിയതോടെയാണ് വിവാദം ശക്തമായത്.
പരാമർശത്തിനെതിരെ ബിജെപി നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഖാർഗെയുടെ പ്രസ്താവനയെ അപലപിച്ചു. പ്രധാനമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തുന്നത് രാഷ്ട്രീയ മര്യാദയുടെ ലംഘനമാണെന്ന് അദ്ദേഹം വിമർശിച്ചു. കോൺഗ്രസിന് രാഷ്ട്രീയ വിഷയങ്ങൾ ഇല്ലാത്തതിനാലാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയും ഖാർഗെയുടെ പരാമർശത്തെ വിമർശിക്കുകയും കോൺഗ്രസ് നേതൃത്വം മാപ്പുപറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ സദസ്സിൽ ഇടപെട്ട സന്തോഷ് കുമാർ എന്നയാൾ താൻ കോൺഗ്രസ് പ്രവർത്തകനാണെന്നും തന്റെ വാക്കുകൾ തെറ്റായി മനസ്സിലാക്കിയെന്നും പ്രതികരിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. തനിക്ക് മർദനമേറ്റെന്നും ഇയാൾ ആരോപിച്ചു.
എന്നാൽ ഖാർഗെയെ പിന്തുണച്ച് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. പ്രസംഗത്തിനിടെ ഒരാൾ വിളിച്ചുപറഞ്ഞതിനെ തുടർന്നാണ് ഖാർഗെ പ്രതികരിച്ചതെന്നും സംഭവത്തെ രാഷ്ട്രീയമായി വളച്ചൊടിക്കുകയാണെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു. കോൺഗ്രസ് നേതാവ് ഭൂപേഷ് ബഘേലും ഖാർഗെയുടെ പരാമർശത്തെ ന്യായീകരിച്ചു. അതേസമയം, ബിജെപി നൽകിയ പരാതിയിൽ പൊലീസ് സ്വീകരിച്ച തുടർനടപടികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.









