നവംബർ ഒന്നിന് ദില്ലിയിലെ രാംലീലാ മൈതാനത്ത് പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡി സഖ്യം സംഘടിപ്പിക്കുന്ന റാലിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്കെതിരെയും വോട്ട് ചോർച്ചയ്ക്കെതിരെയും ശക്തമായ പ്രതിഷേധമുയർത്താനാണ് പ്രതിപക്ഷ കക്ഷികൾ ഈ റാലി സംഘടിപ്പിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളാണ് പ്രതിപക്ഷ കക്ഷികളെ റാലിയിലേക്ക് ക്ഷണിച്ചത്.
എന്നാൽ തനിക്ക് ഈ റാലിയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും തന്റെ പോരാട്ടം തികച്ചും വ്യത്യസ്തമാണെന്നും ഒവൈസി മാധ്യമങ്ങളോട് പറഞ്ഞു. വോട്ടർ പട്ടിക പുനഃപരിശോധനാ വിഷയത്തിൽ താൻ നിയമപോരാട്ടമാണ് നടത്തുന്നത്. ചീഫ് ഇലക്ഷൻ കമ്മീഷണറുടെ നിയമന രീതിക്കും അവർക്ക് നൽകുന്ന നിയമപരമായ സംരക്ഷണത്തിനും താൻ എതിരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെയും ഇൻഡി മുന്നണിയെ പ്രമുഖരുടെ മാത്രം കൂട്ടായ്മ എന്ന് വിശേഷിപ്പിച്ച് ഒവൈസി വിമർശിച്ചിരുന്നു. ജനാധിപത്യപരമായ അവകാശങ്ങൾക്കായി തങ്ങളുടെ പാർട്ടി സ്വന്തം വഴിക്ക് ഒറ്റയ്ക്ക് പോരാട്ടം തുടരുമെന്നാണ് ഒവൈസിയുടെ നിലപാട്. ഇതോടെ പ്രതിപക്ഷ മുന്നണിയിൽ ചേരാതെ സ്വന്തം രാഷ്ട്രീയ പാതയിൽ മുന്നോട്ട് പോകാനാണ് എഐഎംഐഎം തീരുമാനിച്ചിരിക്കുന്നത്.











