നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ട്വന്റി-20 ടീമിലേക്ക് തിരിച്ചെത്തിയ വെറ്ററൻ പേസർ ഭുവനേശ്വർ കുമാറിനെ ഉടൻ വിലയിരുത്തരുതെന്നും അദ്ദേഹത്തിന് അല്പം സമയം നൽകണമെന്നും മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ന്യൂസീലൻഡിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പ്രതീക്ഷിച്ച പ്രകടനം നടത്താൻ ഭുവനേശ്വറിന് സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തിൽ 49 റൺസും രണ്ടാം മത്സരത്തിൽ 50 റൺസും വഴങ്ങിയ താരത്തിന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. എന്നാൽ നാല് വർഷത്തിന് ശേഷമുള്ള തിരിച്ചുവരവാണിതെന്നും ഐ.പി.എല്ലും അന്താരാഷ്ട്ര ക്രിക്കറ്റും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും കൈഫ് ചൂണ്ടിക്കാട്ടി.
ന്യൂസീലൻഡിലെ ബാറ്റിങ് അനുകൂല പിച്ചുകളിൽ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തണമെന്ന് പ്രതീക്ഷിക്കുന്നത് ഉചിതമല്ലെന്നും രണ്ട് മത്സരങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ തള്ളിക്കളയരുത് എന്നും കൈഫ് തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി. നോബോളുകളിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ടെങ്കിലും ഭുവനേശ്വർ ചില ഘട്ടങ്ങളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടുണ്ടെന്നും പരമ്പര മുഴുവൻ കഴിയുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും കൈഫ് ആരാധകരോട് ആവശ്യപ്പെട്ടു.
അതേസമയം, രണ്ടാം ട്വന്റി-20-യിൽ മായങ്ക് യാദവിന് പകരം പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ച യുവ പേസർ പ്രിൻസ് യാദവിന്റെ പ്രകടനത്തെ കൈഫ് വാനോളം പുകഴ്ത്തി. നാല് ഓവറിൽ 30 റൺസ് മാത്രം വഴങ്ങി ഫിൻ അല്ലന്റെ നിർണായക വിക്കറ്റെടുത്ത പ്രിൻസിന്റെ തന്ത്രപരമായ പന്തേറും വൈവിധ്യങ്ങളും കൈഫിനെ ഏറെ ആകർഷിച്ചു. സമ്മർദ്ദ ഘട്ടങ്ങളിൽ വിക്കറ്റ് വീഴ്ത്താനുള്ള താരത്തിന്റെ കഴിവും വ്യക്തമായ ഗെയിം പ്ലാനും ഇന്ത്യൻ ബോളിങ് നിരയ്ക്ക് വലിയ കരുത്താണെന്നും പ്രിൻസ് തന്റെ അവസരം മികച്ച രീതിയിൽ മുതലാക്കിയെന്നും കൈഫ് കൂട്ടിച്ചേർത്തു.











