അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. അടുത്തതായി കോണ്‍ഗ്രസ് മുക്തമാകാന്‍ പോകുന്ന സംസ്ഥാനം കര്‍ണാടകയാണ്. കോണ്‍ഗ്രസിന് രാജ്യത്ത് അസ്തിത്വം നഷ്ടപ്പെടുകയാണെന്ന് ബൊമ്മൈ പരിഹസിച്ചു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കും എന്ന് ഉറപ്പിക്കേണ്ട സമയമാണെന്നും തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് എല്ലായിടത്തും മുങ്ങിത്താഴുകയാണ്. കര്‍ണാടകയിലും മുങ്ങും. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പാര്‍ട്ടി ഘടകത്തിന്റെ ഉത്തരവാദിത്തം വര്‍ദ്ധിച്ചു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നും, സംസ്ഥാനത്ത് ബി.ജെ.പി കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
2023-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്നും, ശക്തമായ കര്‍ണാടക കെട്ടിപ്പടുക്കുമെന്നും ബൊമ്മൈ പറഞ്ഞു.
ഇത് സാധാരണക്കാരന്റെ വിജയമാണ്. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ നയങ്ങളെയും ജനങ്ങള്‍ വിശ്വസിച്ചു എന്നതിന് തെളിവാണ് ഫലങ്ങള്‍. കിസാന്‍ സമ്മാന്‍, ആത്മനിര്‍ബാര്‍, ഉജ്വല തുടങ്ങി ഏഴുവര്‍ഷത്തെ മോദിയുടെ പരിപാടികള്‍ ജനങ്ങളിലേക്കെത്തി. ഈ സംരംഭങ്ങളില്‍ നിന്ന് പ്രയോജനം നേടിയ ആളുകള്‍ ബി.ജെ.പിക്കല്ലാതെ മറ്റൊരു പാര്‍ട്ടിക്കും വോട്ട് ചെയ്യില്ല, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക നേതാക്കളില്‍ മോദിക്ക് ഏറെ മുന്‍തൂക്കമുണ്ട്. റഷ്യ ഉക്രൈന് പ്രസിഡന്റുമാരുമായി സംസാരിക്കാന്‍ യുഎസിനോ, ചൈനയ്ക്കോ കഴിഞ്ഞില്ല. പക്ഷെ മോദിക്ക് കഴിഞ്ഞു. രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി ബി.ജെ.പി പോരാടുമ്പോള്‍, കോണ്‍ഗ്രസ് നിലനില്‍പ്പിനായി പോരാടുകയാണ് എന്ന് ബൊമ്മൈ പറഞ്ഞു. ഗുജറാത്തിലും ബി.ജെ.പി വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post