തിരുവനന്തപുരം; സംസ്ഥാനത്തിന് പുതിയ ആശങ്ക. രണ്ട് ജില്ലകളിൽ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്കാണ് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചത്. ഇതിൽ 4 പേർ കോഴിക്കോട് ജില്ലക്കാരാണ്. 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടർ ചികിത്സയിൽ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാൾ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്
രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിലെ റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക്ക് ലബോറട്ടറിയിൽ പരിശോധന നടത്തിയപ്പോഴാണ് വെസ്‌റ്റൈൽ ഫീവറാണെന്ന് കണ്ടെത്തിയത്. ഇതിന് ശേഷം കൂടുതൽ സ്ഥിരീകരണത്തിന് പൂനെയിലെ വൈറോളജി ലാബിലേക്ക് അയയ്ക്കുകയും ചെയ്തു.
പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാൽ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഇതിനു സമാനമാണ് മസ്തിഷ്കജ്വരത്തിന്റെയും ലക്ഷണങ്ങൾ. ഇതിനാൽ രോഗ ബാധയുണ്ടായ ചിലർക്ക് മസ്തിഷ്കജ്വരമാണെന്ന നിഗമനത്തിലാണ് ആദ്യം ചിലയിടത്ത് ചികിത്സ നൽകിയതെന്നു പറയുന്നു
Discussion about this post