ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ട പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴുണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകത്തിലെ 14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, യു പിയിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് ജനവിധി കുറിക്കുക.
93 മണ്ഡലങ്ങളിലായി 17 കോടിയിലധികം വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. ഇതിൽ 72 ജനറൽ സീറ്റുകളും 10 എണ്ണം പട്ടികജാതികൾക്കും 11 പട്ടികവർഗക്കാർക്കുമാണ്.
ആഭ്യന്തരമന്ത്രി അമിത് ഷാ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എൻസിപി (ശരദ്ചന്ദ്ര പവാർ) നേതാവ് സുപ്രിയ സുലെ, സമാജ്‌വാദി പാർട്ടി നേതാവ് ഡിംപിൾ യാദവ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ഈ ഘട്ടത്തിൽ മത്സരരംഗത്തുണ്ട്.
നേരത്തെ നിശ്ചയിച്ച പ്രകാരം മൂന്നാം ഘട്ടത്തിൽ 94 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നിരുന്നാലും, ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചതിനെത്തുടർന്ന് ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാ സീറ്റിൽ അദ്ദേഹത്തിൻ്റെ എല്ലാ എതിരാളികളും ഒന്നുകിൽ പേരുകൾ പിൻവലിക്കുകയോ അല്ലെങ്കിൽ അവരുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കുകയോ ചെയ്തു. സൂറത്തിന് പുറമേ, ജമ്മു കശ്മീരിലെ അനന്ത്നാഗ്-രജൗരി സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 25 ലേക്ക് മാറ്റിവച്ചു.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൻ്റെ അടുത്ത ഘട്ടം മെയ് 13ന്. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും.











