ഒരാഴ്ചയ്ക്കുള്ളിൽ യുപിയില്‍ ലുലു മാള്‍ ജനപ്രിയ ഷോപ്പിംഗ് കേന്ദ്രമാകുന്നു. ഏഴ് ലക്ഷത്തിലധികം സന്ദർശകരാണ് ആദ്യ ആഴ്ചയിൽ എത്തിയത്. വാരാന്ത്യത്തിൽ 2.5 ലക്ഷം പേർ മാൾ സന്ദർശിച്ചു. ലുലു ഹൈപ്പർമാർക്കറ്റിലും ഏറ്റവും വലിയ വിനോദ കേന്ദ്രമായ ഫൺടൂറയിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
അതേസമയം, മാളിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ലഖ്നൗ നിവാസികൾക്ക് ലുലു മാള്‍ അധികൃതര്‍ നന്ദി അറിയിച്ചു. ലുലു മാൾ നൽകുന്ന സമാനതകളില്ലാത്ത ആഗോള അനുഭവത്തിന്റെ സാക്ഷ്യമാണ് ലഭിച്ച സന്ദർശകരുടെ ഒഴുക്ക്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഷോപ്പിംഗിനും വിനോദത്തിനും നഗരവാസികളുടെ പ്രിയപ്പെട്ട ഇടമായി ലുലു മാൾ മാറിയെന്ന് മാൾ ജനറൽ മാനേജർ സമീർ വർമ പറഞ്ഞു.
തിരക്ക് കാരണം മിക്കവർക്കും മാളിൽ പ്രവേശിക്കാനാകാതെ തിരിച്ചു പോകേണ്ടതായും വന്നു. ദൂരപ്രദേശങ്ങളായ കാൺപൂർ, ഗോരഖ്പൂർ, പ്രയാഗ് രാജ്, വാരണാസി, ഡൽ ഹി എന്നിവിടങ്ങളിൽ നിന്നും ആളുകൾ മാളിലെത്തിയതായി ലുലു മാൾ ജനറൽ മാനേജർ സമീർ വർമ്മ പറഞ്ഞു
ലഖ്നൗ അമർ ഷഹീദ് പാത്, ഗോൾഫ് സിറ്റിയിൽ 22 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന ലുലു മാളിൽ ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്, യൂണിക്ലോ, ഡെക്കാത്ലോൺ, സ്റ്റാർബക്സ്, നൈക്ക ലക്സ് , കല്യാൺ ജ്വല്ലേഴ്സ്, കോസ്റ്റ കോഫി, ചില്ലീസ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും വലിയ നിരവധി ബ്രാൻഡുകളുണ്ട്.
കൂടാതെ 1600 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള 25 ബ്രാൻഡ് ഔട്ട്ലെറ്റുകളുള്ള ഒരു വലിയ ഫുഡ് കോർട്ടും മാളിനെ കൂടുതൽ ജനപ്രിയമാക്കുന്നു. ആഭരണങ്ങൾ, ഫാഷൻ, പ്രീമിയം വാച്ച് ബ്രാൻഡുകൾ എന്നിവയുടെ വിപുലമായ സെലക്ഷനുകളുള്ള ഒരു പ്രത്യേക വിവാഹ ഷോപ്പിംഗ് ഏരിയയും ലഖ്നൗ ലുലു മാളിനെ വേറിട്ടതാക്കുന്നു. 3,000-ലധികം വാഹനങ്ങൾക്കായി പ്രത്യേക മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യവും മാളിൽ സജ്ജീകരിച്ചിട്ടുണ്ട്.
അതേസമയം, ലുലു മാളിനെ വിവാദ കേന്ദ്രമാക്കാനുള്ള നീക്കത്തിനെതിരെ കർശന നിലപാടുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകിയ മുഖ്യമന്ത്രി കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടി ഉറപ്പാക്കാനും ജില്ലാ ഭരണകൂടത്തോട് നിർദ്ദേശിച്ചു.
Discussion about this post