ഡല്‍ഹി: വി.പി. സിങ് സര്‍ക്കാര്‍ 1990 ല്‍ അധികാരത്തില്‍ നിന്നും പുറത്തായപ്പോള്‍ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കാന്‍ രാഷ്ട്രപതി ആര്. വെങ്കിട്ടരാമന് ആഗ്രഹിച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍. എന്നാല്‍ രാജീവ് ഗാന്ധി ചന്ദ്രശേഖറിനെയാണ് പ്രധാനമന്ത്രിയാക്കാന്‍ നിര്‍ദേശിച്ചതെന്നും മുതിര്‍ന്ന നേതാവും ഇന്ദിരാഗാന്ധിയുടെ സഹചാരിയുമായിരുന്ന എം.എല്‍. ഫൊത്തേദാര്‍ വെളിപ്പെടുത്തി.
വി.പി.സിങ് രാജിവച്ചപ്പോള്‍ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രപതി വെങ്കിട്ടരാമനെ കണ്ടിരുന്നു. പ്രണബിനെ പ്രധാനമന്ത്രിയാക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രാജീവും ഇതു സമ്മതിക്കുമെന്നു അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാല്‍ ഇത് എന്നെ അദ്ഭുതപ്പെടുത്തി. എങ്ങനെ ഇതു നടക്കുമെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. രാജീവ് ഗാന്ധിയെ ഇക്കാര്യം അദ്ദേഹം അറിയിക്കുമെന്ന് എന്നോട് പറഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇക്കാര്യങ്ങളെല്ലാം ഞാന്‍ രാജീവ് ഗാന്ധിയോട് പറഞ്ഞു. പക്ഷേ അദ്ദേഹം ചന്ദ്രശേഖറിനെ പിന്തുണയ്ക്കാനാണ് തീരുമാനിച്ചത്. ഒരു ദശാബ്ദ കാലമായി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ കൊതിച്ചു നടന്ന ചന്ദ്രശേഖര്‍ ഈ അവസരം മുതലാക്കുകയും പ്രധാനമന്ത്രിയാവുകയും ചെയ്തതായും എം.എല്‍. ഫൊത്തേദാര്‍ തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നു. ഈ മാസാവസാനം പുറത്തിറങ്ങുന്ന ഫൊത്തേദാറിന്റെ ദ് ചിനാര്‍ ലീവ്സ് എന്ന പുസ്തകത്തിലാണ് ഈ വിവരങ്ങളുള്ളത്.
Discussion about this post