ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്ക് അതിര്‍ത്തി ലംഘിച്ചെത്തിയ ചൈനീസ് സേന തല്‍സ്ഥിതി ഏകപക്ഷീയമായി മാറ്റാന്‍ ശ്രമം നടത്തിയതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. ഇതിനെതിരെ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചുവെന്നും ഭൂമി കയ്യേറാനുള്ള ചൈനയുടെ ശ്രമം പരാജയപ്പെടുത്തിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇന്ത്യ നടത്തിയ ശക്തമായ പ്രത്യാക്രമണത്തില്‍ ഭൂമി കയ്യേറാനുള്ള ചൈനീസ് സേനയുടെ ശ്രമം പരാജയപ്പെട്ടുവെന്നും ചൈനീസ് സേനയെ ഇന്ത്യന്‍ സൈനികര്‍ അവരുടെ പോസ്റ്റുകളിലേക്ക് മടക്കി അയച്ചുവെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തി.
അതേസമയം മേഖലയില്‍ നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ചൈനയും അറിയിച്ചു. തങ്ങള്‍ മനസിലാക്കിയടുത്തോളം, ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം മൊത്തത്തില്‍ നിയന്ത്രണവിധേയമാണൈന്നും ഇരുരാജ്യങ്ങളും അതിര്‍ത്തി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നയതന്ത്ര, സൈനിക തലങ്ങളില്‍ സക്രിയ ചര്‍ച്ചകള്‍ നടത്തിയെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് ലെന്‍ബിന്‍ അറിയിച്ചു.
ഡിസംബര്‍ 9ന് നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഒരു സൈനികന് പോലും ജീവന്‍ നഷ്ടമായില്ലെന്നും ആര്‍ക്കും ഗുരുതര പരിക്കില്ലെന്നും പ്രതിരോധ മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. സംഘര്ഷത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ചൈനയുമായി നയതന്ത്ര ചര്‍ച്ച നടത്തി. അതിര്‍ത്തിയില്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യന്‍ സേന തയ്യാറായിരുന്നുവെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.
അതേസമയം വിഷയത്തില്‍ പ്രതിരോധമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷവും പ്രതിപക്ഷം സഭയില്‍ ബഹളം വെക്കുകയും സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
Discussion about this post