പാലക്കാട്: സിക്കിമിൽ സൈനിക ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. പാലക്കാട് മാത്തൂർ ചെങ്ങണിയൂർക്കാവ് സഹദേവന്റെ മകൻ വൈശാഖ് ആണ് മരിച്ചത്. 26 വയസായിരുന്നു. എട്ട് വർഷം മുൻപാണ് വൈശാഖ് സേനയുടെ ഭാഗമായത്.
മൂന്ന് ജൂണിയർ കമ്മീഷൻഡ് ഓഫീസർമാരും 13 സൈനികരുമാണ് മരിച്ചത്.
സെമ 3 മേഖലയിൽ രാവിലെ എട്ട് മണിയോടെ ആയിരുന്നു അപകടം. വളവ് തിരിയുന്നതിനിടെ ട്രക്ക് റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
അതിർത്തി പോസ്റ്റുകളിലേക്ക് സൈനികരെയും കൊണ്ട് പോകുന്നതിനിടെയാണ് അപകടം. വീഴ്ചയുടെ ആഘാതത്തിൽ വാഹനം പൂർണമായി തകർന്നു.
20 പേരായിരുന്നു അപകടത്തിൽപെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്. നാല് പേർ പരിക്കുകളോടെ ആശുപത്രിയിലാണെന്നാണ് വിവരം. സൈനികരുടെ ഭൗതികദേഹം ഗാങ്‌ടോക്കിലെ എസ്ടിഎൻഎം ആശുപത്രിയിലേക്ക്് മാറ്റിയിരിക്കുകയാണ്.
സൈനികരുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു, പ്രതിരോധമന്ത്രി രാജ് നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, തുടങ്ങിയവർ അനുശോചിച്ചു.








