ന്യൂഡൽഹി : ഏറ്റവും കാഠിന്യമേറിയ ജോലികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നതാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയെന്ന് അറിയപ്പെടുന്ന സിയാച്ചിനിലെ സൈനിക സേവനം. കൊടും തണുപ്പിൽ സിയാച്ചിനിൽ മരണം സർവ്വ സാധാരണമാണ്. ആ സിയാച്ചിനിൽ സൈനിക സേവനത്തിന് എത്തി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ക്യാപ്ടൻ ശിവ ചൗഹാൻ. സിയാച്ചിനിൽ സൈനിക സേവനം നടത്താൻ നിയോഗിക്കപ്പെട്ട ആദ്യ വനിത സൈനികയാണ് ക്യാപ്ടൻ ശിവ.
രാജസ്ഥാൻ സ്വദേശിയായ ശിവ കുട്ടിക്കാലത്ത് തന്നെ സൈനിക സേവനമാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയിരുന്നു. ഉദയ്പൂർ എൻ.ജെ.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞതിനു ശേഷമാണ് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ പരിശീലനത്തിനെത്തിയത്. എഞ്ചിനീയർ റെജിമെന്റിലേക്ക് 2021 മെയിൽ തിരഞ്ഞെടുക്കുകയും ചെയ്തു.
സിയാച്ചിൻ ഗ്ലേസിയറിൽ ജോലി ചെയ്യാനാവശ്യമായ കഠിന പരിശീലനം വിജയകരമായി പൂർത്തീകരിച്ചതിനു ശേഷമാണ് ക്യാപ്ടൻ ശിവ സേവനത്തിനെത്തുന്നത്. സാപ്പർ ടീമിനെ നയിച്ച് ശിവ അടുത്ത മൂന്നുമാസം സിയാച്ചിനിൽ ഉണ്ടായിരിക്കും. സിയാച്ചിൻ ബേസ് ക്യാമ്പിൽ വനിത ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും സിയാച്ചിൻ യുദ്ധമേഖലയിൽ എത്തുന്ന ആദ്യ വനിതയാണ് ക്യാപ്ടൻ ശിവ ചൗഹാൻ.
ശിവ ചൗഹാന്റെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
Discussion about this post