ഐഎസിന് വേണ്ടി യുവാക്കൾക്കിടയിൽ ആശയപ്രചാരണം; മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

Published by
Brave India Desk

കൊൽക്കത്ത: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിക്കുന്ന രണ്ട് പേരെ കൊൽക്കത്ത പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സദ്ദാം, സയ്യിദ് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കൊൽക്കത്തയിലെ വിദ്യാസാഗർ സേതുവിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരേയും അന്വേഷണ സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് ലാപ്‌ടോപ്പ്, രണ്ട് മൊബെൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

ഐഎസ്‌ഐഎസിന് വേണ്ടി പ്രചാരണം നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇരുവരും കുറച്ച് നാളായി സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. ഇവർ കഴിഞ്ഞ ദിവസം ഐഎസിന്റെ രഹസ്യ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതായി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. തുടർന്നാണ് എസ്ടിഎഫ് സംഘം ഇവരെ പിന്തുടർന്ന് പിടികൂടിയത്.

അറസ്റ്റിന് പിന്നാലെ കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ പോലീസ് സംഘം പരിശോധന നടത്തി. മുഹമ്മദ് സദ്ദാമിന്റേയും സയ്യിദ് മുഹമ്മദിന്റേയും വീടുകളിൽ നടത്തിയ പരിശോധനയിൽ നിർണായകമായ രേഖകൾ കണ്ടെടുത്തിട്ടുണ്ട്. ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഖകളും പിടിച്ചെടുത്തു.

സംസ്ഥാനത്ത് ഐഎസ് ശൃംഖല വിപുലീകരിക്കുക, യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുക എന്നതായിരുന്നു ഇവരുടെ പ്രധാന ദൗത്യം. സമൂഹമാദ്ധ്യമങ്ങളിലും വർഗീയ ധ്രുവീകരണം നടത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇവർ പങ്കുവച്ചിരുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് മുഹമ്മദ് സദ്ദാം. പാകിസ്താനിലേയും പശ്ചമേഷ്യയിലേയും ഐഎസ് ഭീകരരുമായി സദ്ദാം നിരന്തരമായി ബന്ധപ്പെട്ടതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്.

അറസ്റ്റിലായ പ്രതികളെ കൊൽക്കത്തയിലെ ബാങ്ക്ഷാൽ കോടതിയിൽ ഹാജരാക്കി. ഇവരെ ഈ മാസം 19 വരെ എസ്ടിഎഫ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇവരിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ അടക്കം പരിശോധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

Share
Leave a Comment

Recent News