തൃശ്ശൂർ: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. പെരുമ്പിലാവ് അൻസാർ കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറ് വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കോളേജിലെ പരിപാടിയ്ക്ക് വിതരണം ചെയ്ത ഭക്ഷണം കഴിച്ചതിന് പിന്നാലെയായിരുന്നു അസ്വസ്ഥതകൾ ആരംഭിച്ചത്. കഠിനമായ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
പെരുമ്പിലാവിലെ അൻസാർ ആശുപത്രിയിലാണ് വിദ്യാർത്ഥികൾ ചികിത്സയിൽ കഴിയുന്നത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. മലപ്പുറത്തു നിന്നുള്ള കാറ്ററിംഗ് യൂണിറ്റാണ് പരിപാടിയ്ക്കായുള്ള ഭക്ഷണം എത്തിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.












