ന്യൂഡൽഹി: ഡൽഹിയിലെ ഹോട്ടലിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ബിൽ അടയ്ക്കാതെ മുങ്ങിയ ആൾ രണ്ട് മാസത്തിന് ശേഷം പിടിയിൽ. 23.46 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ മുഹമ്മദ് ഷെരീഫ് ആണ് പിടിയിലായത്. യുഎഇയിലെ രാജകുടുംബാംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഡൽഹിയിലെ ലീല പാലസ് ഹോട്ടലിൽ ഇയാൾ മുറിയെടുത്തത്. മാസങ്ങളോളം ഇവിടെ താമസിച്ചതിന് ശേഷമാണ്
പ്രതി മുങ്ങിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്.
കർണാടകയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റ് 1 മുതൽ നവംബർ 20 വരെയാണ് മുഹമ്മദ് ഷെരീഫ് ഹോട്ടലിൽ താമസിച്ചത്. യുഎഇ ഗവൺമെന്റിലെ പ്രധാന ഉദ്യോഗസ്ഥനാണെന്നാണ് ഇയാൾ ഹോട്ടലിൽ പറഞ്ഞത്. ഇത് തെളിയിക്കുന്നതിനായി വ്യാജ കാർഡുകളും മുഹമ്മദ് തയ്യാറാക്കിയിരുന്നു. അബുദാബിയിലെ രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിൻ സായിദ് അൽ നഹ്യാന് വേണ്ടിയാണ് താൻ ജോലി ചെയ്യുന്നതെന്നും മുഹമ്മദ് ഹോട്ടൽ ജീവനക്കാരോട് പറഞ്ഞിരുന്നു.
ഹോട്ടലിൽ നിന്ന് വെള്ളി പാത്രങ്ങൾ ഉൾപ്പെടെ മോഷ്ടിച്ചാണ് മുഹമ്മദ് മുങ്ങിയത്. 35 ലക്ഷത്തോളം രൂപയാണ് നാല് മാസത്തെ ചെലവായി വന്നത്. ഇതിൽ 11.5 ലക്ഷം ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് തന്നെ കൊടുത്തിരുന്നു. ആദ്യഘട്ടത്തിൽ പണം കൊടുത്തത് കൊണ്ട് ഹോട്ടൽ ജീവനക്കാരും മുഹമ്മദ് പറഞ്ഞ കാര്യങ്ങളെല്ലാം കണ്ണടച്ച് വിശ്വസിച്ചിരുന്നു. പോരുന്നതിന് മുൻപ് 20 ലക്ഷത്തിന്റെ ചെക്കാണ് മുഹമ്മദ് നൽകിയത്. ഇത് മടങ്ങുകയായിരുന്നു. ഇക്കാര്യം പറയാൻ ഹോട്ടൽ അധികൃതർ എത്തിയപ്പോഴാണ് മുഹമ്മദ് ഹോട്ടലിൽ നിന്ന് മുങ്ങിയ കാര്യം അറിയുന്നത്.
Discussion about this post