തിരുവനന്തപുരം: ആംആദ്മി പാർട്ടി സംസ്ഥാന ഘടകം പൂർണമായി പിരിച്ചുവിട്ടു. പുതിയ കമ്മിറ്റിയെ ഉടൻ തിരഞ്ഞെടുക്കുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പാർട്ടിയുടെ കേരളത്തിലെ മുഴുവൻ സംഘടനാ സംവിധാനങ്ങളും പിരിച്ചുവിട്ടതായി എഎപി സംഘടന ജനറൽ സെക്രട്ടറി ഡോ. സന്ദീപ് പഥകാണ് വ്യക്തമാക്കിയത്. ഈ മാസം 10 ന് ചേർന്ന നേതൃയോഗത്തിൽ, കേരളത്തിൽ അടക്കം പാർട്ടി ഘടകങ്ങളെ ശക്തിപ്പെടുത്താൻ തീരുമാനം എടുത്തിരുന്നെന്നും ഇതിന്റെ ഭാഗമായാണ് സംസ്ഥാന ഘടകം പിരിച്ചുവിട്ടതെന്നും എഎപി വ്യക്തമാക്കി.
പിസി സിറിയക്കിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കേരളത്തിൽ നിലവിലുണ്ടായിരുന്നത്.സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും തമ്മിൽ അസ്വാരസ്യങ്ങളും ഉൾപ്പോരും പതിവായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന ഘടകത്തെ ഒന്നാകെ പിരിച്ചുവിട്ടുള്ള അസാധാരണ നീക്കം.
ഈ മാസം 25 ന് തിരുവനന്തപുരത്തുവെച്ച് ആം ആദ്മി പാർട്ടിയുടെ യോഗം ചേരുന്നുണ്ട്. ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക് അടക്കം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
Discussion about this post