ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രവർത്തനങ്ങൾ നിർത്തിവച്ചതിന് പിന്നാലെ കേന്ദ്ര കായിക മന്ത്രാലയം മേൽനോട്ട സമിതി രൂപീകരിച്ചു. ബോക്‌സിംഗ് താരം മേരികോം അഞ്ചംഗ സമിതിയുടെ അധ്യക്ഷയാകും. മൂന്ന് കാര്യങ്ങളാണ് മേൽനോട്ട സമിതി പ്രധാനമായും അന്വേഷിക്കുന്നത്.
ബ്രിജ്ഭൂഷൺ, മറ്റ് പരിശീലകർ എന്നിവർക്കെതിരെയുള്ള ലൈംഗിക ആരോപണം, മറ്റൊന്ന് ഫെഡറേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ, മൂന്നാമതായി താരങ്ങൾ ഉന്നയിച്ച ഭരണപരമായ പോരായ്മകൾ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ഇവ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് കേന്ദ്ര കായിക മന്ത്രാലയം ഈ മേൽനോട്ട സമിതിയെ രൂപീകരിച്ചിരിക്കുന്നത്.
മേരികോം ആണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രൂപീകരിച്ച അന്വേഷണ സമിതിയുടേയും അധ്യക്ഷ. ഏഴംഗ സമിതിയെ ആണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നിയോഗിച്ചിട്ടുള്ളത്. പരാതി ഉന്നയിച്ച ഗുസ്തി താരങ്ങളുമായി പ്രത്യേകം സിറ്റിങ്ങുകളും ഉണ്ടാകും. പ്രതിസ്ഥാനത്ത് നിൽക്കുന്ന ആളുകളുടേയും മറുപടി ചേർത്തായിരിക്കും വിശദമായ റിപ്പോർട്ട് അന്വേഷിക്കുന്നത്. ഗുസ്തി ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങളും മേരികോം അധ്യക്ഷയായ സമിതിയാകും നിയന്ത്രിക്കുന്നത്.
Discussion about this post