ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് നടി മഞ്ജു വാര്യരുമൊത്ത് ലഞ്ച് കഴിക്കാൻ അവസരം. ആയിഷ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് പരിപാടി. ഞായറാഴ്ച യുഎഇയിൽ എത്തുന്ന നടി തിരഞ്ഞെടുക്കപ്പെടുന്ന 30 പേരുമൊത്താണ് ലഞ്ച് കഴിക്കുക.
സോഷ്യൽ മീഡിയയിലൂടെ മഞ്ജു വാര്യർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആയിഷയ്ക്ക് യുഎഇയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് നടി പറഞ്ഞു. ആയിഷ സിനിമ കണ്ടവർക്ക് തന്നോടൊപ്പം ലഞ്ച് കഴിക്കാനുളള അവസരമാണ് ഒരുക്കുന്നത്.
സിനിമ കണ്ടതിന് ശേഷം സത്യസന്ധമായ അഭിപ്രായം സോഷ്യൽ മീഡിയ പേജുകൾ വഴി പോസ്റ്റ് ചെയ്യണം. ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ അഭിപ്രായങ്ങൾ പങ്കുവെയ്ക്കാം. തന്റെ ഒഫീഷ്യൽ അക്കൗണ്ടോ ആയിഷ സിനിമയുടെ അക്കൗണ്ടോ ടാഗ് ചെയ്ത് വേണം പോസ്റ്റ് ഇടാൻ. ഇവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന 30 പേർക്കാണ് നടിക്കൊപ്പം ലഞ്ച് കഴിക്കാൻ അവസരം.
ജനുവരി 20 നാണ് ആയിഷ വേൾഡ് വൈഡ് ആയി റിലീസ് ചെയ്തത്. സിനിമ മികച്ച രീതിയിൽ പ്രദർശനം തുടരുന്നതിനിടെയാണ് ആരാധകർക്ക് ഇരട്ടിമധുരം നൽകി അവർക്കൊപ്പം ലഞ്ച് കഴിക്കാനും നടി അവസരം ഒരുക്കുന്നത്. ആമിർ പളളിക്കലാണ് നിലമ്പൂർ ആയിഷയെന്ന കഥാകാരിയെക്കുറിച്ച് സിനിമ ഒരുക്കിയിരിക്കുന്നത്. അറബി ഉൾപ്പെടെ ആറ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. സിനിമ കൂടുതലും ചിത്രീകരിച്ചത് ഗൾഫ് നാടുകളിലാണ്.












