ചെന്നൈ : രാത്രി ഭാര്യ വാതിൽ തുറക്കാത്തതിനെ തുടർന്ന് ചുമരിൽ പിടിച്ച് വീട്ടിലേക്ക് കയറാൻ ശ്രമിച്ച യുവാവ് താഴെ വീണ് മരിച്ചു. നെട്രാംപള്ളി സ്വദേശി തെന്നരസ് (30) ആണ് മരിച്ചത്. പൈപ്പ്ലൈൻ വഴി മൂന്നാം നിലയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
തിരുപ്പത്തൂരിലാണ് സംഭവം നടന്നത്. ബന്ധുവീട്ടിൽ നിന്ന് രാത്രി 11 മണിയോടെയാണ് ഇയാൾ സ്വന്തം വീട്ടിലെത്തിയത്. കോളിംഗ് ബെൽ തകരാറിലായിരുന്നു. വീടിന്റെ മുൻവാതിൽ തുറക്കാൻ ഭാര്യയെ ഏറെ നേരം ഫോണിൽ വിളിച്ചെങ്കിലും ഉറക്കത്തിലായിരുന്നതിനാൽ അവർ കോളെടുത്തില്ല. തുടർന്ന് മൂന്നാം നിലയിലെ വീട്ടിലേക്ക് പൈപ്പ്‌ലൈൻ വഴി കയറാൻ ശ്രമിക്കുന്നതിനിടെ കൈ വഴുതി താഴെ വീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ഭാര്യ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഭർത്താവിനെയാണ്. യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം തെന്നരസിന്റേത് കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇയാളുടെ സുഹൃത്തുക്കൾക്ക് മരണത്തിൽ പങ്കുണ്ടെന്നാണ് കുടുംബം പറയുന്നത്. തുടർന്ന് കുടുംബക്കാർ പോലീസ് സ്‌റ്റേഷന് മുന്നിൽ നിന്ന് പ്രതിഷേധിച്ചു. എന്നാൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മാത്രമേ കേസെടുക്കൂ എന്ന് പോലീസ് അറിയിച്ചു.







