ഭൂമിയിൽ നിന്ന് 72 പ്രകാശവർഷം അകലെ ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹം കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. കുള്ളൻ നക്ഷത്രത്തെ വലയം ചെയ്തു കൊണ്ടിരിക്കുന്ന ഈ ഗ്രഹത്തിന് K2-415b എന്നാണ് ശാസ്ത്രജ്ഞർ പേര് നൽകിയിരിക്കുന്നത്. ഭൂമിയുമായി ധാരാളം സാമ്യതകൾ ഈ ഗ്രഹത്തിനുണ്ടെന്നാണ് ദി ആസ്ട്രോണമിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്.
ജപ്പാൻ അസ്ട്രോബയോളജി സെന്ററിലെ ശാസ്ത്രജ്ഞനായ ടെറുയുകി ഹിറാനോയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ജ്യോതിശാസ്ത്രജ്ഞരുടെ സംഘമാണ് കണ്ടെത്തലിന് പിന്നിൽ. പാറകളും ഭൂമിക്ക് സമാനമായ അന്തരീക്ഷവും ഈ ഗ്രഹത്തിൽ കണ്ടെത്തിയെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഭൂമിക്ക് സമാനമായ ആവാസ വ്യവസ്ഥ ഇവിടെ സാധ്യമാകുമോ എന്നാണ് ശാസ്ത്രജ്ഞർ പ്രധാനമായും അന്വേഷിക്കുന്നത്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും ഗ്രഹത്തിൽ തുടർ നിരീക്ഷണങ്ങൾ നടത്താനാണ് തീരുമാനം.
കെപ്ലർ ദൂരദർശിനിയിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് പുതിയ ഗ്രഹം കണ്ടെത്തിയത്. ഭൂമിയുടെ അതേ വലിപ്പമാണ് പുതിയ ഗ്രഹത്തിന് ഉള്ളത്. അതേസമയം ഈ ഗ്രഹത്തിൽ ഭൂമിയെക്കാൾ ഉയർന്ന പിണ്ഡം ഉണ്ടെന്നും റിപ്പോർട്ട് പറയുന്നു. സമാനമായ അവസ്ഥയിലുള്ള മറ്റ് ഗ്രഹങ്ങൽ ഇവിടെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post