പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തി നെതന്യാഹു; പ്രതിരോധ- സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്ന് നേതാക്കൾ

സംഭാഷണം 20 മിനിറ്റ് നീണ്ടു

Published by
Brave India Desk

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഴമേറിയതും സുപ്രധാനവുമാണെന്ന് നെതന്യാഹു പറഞ്ഞു. ഹൈടെക്, സാമ്പത്തിക- പ്രതിരോധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്ന വിഷയം ഇരു നേതാക്കളും ചർച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ ഡിസംബറിൽ നെതന്യാഹു ഇസ്രയേലിൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം ഇത് രണ്ടാം തവണയാണ് ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തുന്നത്. ഫോൺ സംഭാഷണം ഇരുപത് മിനിറ്റ് നീണ്ടു നിന്നു.

ജനുവരി 11ന് നടന്ന ഫോൺ സംഭാഷണത്തിൽ, വീണ്ടും ഇസ്രയേൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇരുവരും സംസാരിച്ചിരുന്നു.

2022 ഡിസംബർ 29നാണ് തീവ്ര വലതുപക്ഷക്കാരനായ നെതന്യാഹു ആറാം തവണയും ഇസ്രയേലിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. നെതന്യാഹുവിനെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. പരസ്പരം മികച്ച വ്യക്തിബന്ധം പുലർത്തുന്ന മോദിയുടെയും നെതന്യാഹുവിന്റെയും ഭരണത്തിൻ കീഴിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിൽ തുടരുകയാണ്.

Share
Leave a Comment

Recent News