രാജസ്ഥാനിൽ ഒട്ടകത്തിന്റെ ആക്രമണത്തിൽ ഉടമയ്ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ബിക്കാനീറിൽ പഞ്ചു ഗ്രാമത്തിലാണ് സംഭവം. സോഹൻ റാം നായക് എന്നയാളാണ് ഒട്ടകത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കെട്ടിയിട്ടിരുന്ന ഒട്ടകം മറ്റൊരു ഒട്ടകത്തെ കണ്ടതോടെ കെട്ട് പൊട്ടിച്ച് അതിന്റെ പിന്നാലെ ഓടുകയായിരുന്നു. ഇത് ഓടിയെത്തിയ സോഹൻ റാം ഒട്ടകത്തിന്റെ പിന്നാലെ ഓടി പിടിച്ചു കെട്ടാൻ ശ്രമിക്കുകയായിരുന്നു.
പിടിച്ചു കെട്ടാൻ ശ്രമിക്കുന്നതിനിടെ അക്രമാസക്തനായ ഒട്ടകം ഉടമയ്ക്കെതിരെ തിരിഞ്ഞു. സോഹൻ റാമിന്റെ കഴുത്തിൽ കടിച്ച് നിലത്തേക്ക് വലിച്ചെറിഞ്ഞ ശേഷം തല കടിച്ചെടുത്ത് ചവയ്ക്കുകയായിരുന്നു. ഇയാളുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തിയെങ്കിലും സോഹന്റെ ജീവൻ രക്ഷിക്കാനായില്ല. അക്രമാസക്തനായ ഒട്ടകത്തെ ഏറെ നേരം പരിശ്രമിച്ചതിന് ശേഷമാണ് അടുത്തുള്ള മരത്തിൽ കെട്ടിയിടാനായത്.
തുടർന്ന് നാട്ടുകാർ ഇതിനെ വടി കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. സോഹൻ റാമിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.
Discussion about this post