കേരളത്തില്‍ നടന്നത് ബിജെപി താരമായ തെരഞ്ഞെടുപ്പ് പ്രചരണം. അഴിമതി, അക്രമം, വിലക്കയറ്റം എന്നി പതിവ് വിഷയങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടാതിരുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പുതിയ ശക്തിയായി വളരുന്ന ബിജെപിയുടെ സ്വാധീനം തന്നെയായിരുന്നു പ്രധാന രാഷ്ട്രിയ സംഭവം.
അരുവിക്കര തെരഞ്ഞെടുപ്പോടെ കേരളത്തില്‍ പ്രമുഖ കക്ഷിയായി ബിജെപി വളര്‍ന്നുവെന്ന് ഇടത് വലത് മുന്നണികള്‍ തിരിച്ചറിഞ്ഞിരുന്നു. ഇതോടെ അരുവിക്കര തെരഞ്ഞെടുപ്പിന് ശേഷം ഇടത് മുന്നണി ബിജെപിയുടെ മുന്നേറ്റം ചെറുക്കാന്‍ ആരംഭിച്ചു. സിപിഎമ്മില്‍ നിന്ന് വലിയ തോതില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപിയിലേക്ക് വോട്ട് ചോരാനിടയുണ്ടെന്ന ഞെട്ടിക്കുന്ന തിരിച്ചറിവാണ് അരുവിക്കര ആ പാര്‍ട്ടിയക്ക് നല്‍കിയത്. കൂടുതല്‍ പേര് പാര്‍ട്ടി വിടാതിരിക്കാനുള്ള തന്ത്രങ്ങള്‍ പണിത സിപിഎം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബിജെപിയെ പ്രധാന എതിരാളിയാക്കി പ്രചരണം മെനഞ്ഞു. ബിജെപിയുടെ ഹിന്ദുത്വ നിലപാടുകളെയും, കേന്ദ്രസര്‍ക്കാരിനെയും നിരന്തരം ആക്രമിക്കുക എന്ന തന്ത്രമാണ് സിപിഎം ഒരുക്കിയത്. എന്നാല്‍ സിപിഎം തന്ത്രങ്ങള്‍ പലതവണയായി പിഴച്ചത് ഇടത് മുന്നണിയെ പ്രതിരോധത്തിലാക്കി. യൂഡിഎഫ് സര്‍ക്കാരിനെ പ്രതിരോധിക്കാനുള്ള ശക്തി കൂടി ബിജെപിയെ എതിര്‍ക്കുവാന്‍ വിനിയോഗിച്ച സിപിഎമ്മിന് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം കടുത്ത പരീക്ഷണമാണ് സമ്മാനിച്ചത്.
സിപിഎം ബിജപിയെ പ്രതിരോധിക്കാനിറങ്ങിയതോടെ മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കാന്‍ ഇറങ്ങിയ കുറുക്കന്റെ സ്ഥാനമായി യൂഡിഎഫിന്. ത്രികോണ മത്സരത്തിന്റെ മറവില്‍ അരുവിക്കര സ്റ്റൈലില്‍ വിജയം സ്വന്തമാക്കാം എന്ന കണക്ക് കൂട്ടലിലായിരുന്നു യുഡിഎഫ്.
എന്നാല്‍ ഇരു മുന്നണിയുടേയും കണക്ക് കൂട്ടലുകള്‍ തെറ്റിച്ചത് എസ്എന്‍ഡിപിയുടേയും വെള്ളാപ്പള്ളിയുടേയും നിലപാടുകളാണ്. പരസ്യമായി ബിജെപിയെ പിന്തുണച്ച എസ്എന്‍ഡിപി കോണ്‍ഗ്രസ്-സിപിഎം വോട്ടുകള്‍ ചോര്‍ത്തുമെന്നത് ഇരുമുന്നണികളെയും അലട്ടി. ഇതോടെ എസ്എന്‍ഡിപിയെ എതിര്‍ക്കാനും, യോഗത്തില്‍ വിള്ളലുണ്ടാക്കാനും ആയി ഇരുമുന്നണികളുടേയും ശ്രമം. ബിഫ് നിരോധനം, കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്ന അസഹിഷ്ണുത വാദം, ദാദ്രി സംഭവം എന്നിങ്ങനെ ബിജെപിയ്ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തായിരുന്നു എല്‍ഡിഎഫിന്റെ പടയോട്ടം. ശാശ്വതികാനന്ദയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചും, വിഎം സുധീരനെ പോലുള്ള നേതാക്കളെ വെള്ളാപ്പള്ളിയ്ക്കെതിരെ അണിനിരത്തിയും ആയിരുന്നു യുഡിഎഫിന്റെ പടപ്പുറപ്പാട്.
എന്നാല്‍ അപ്രതീക്ഷിതമായ ബാര്‍കോഴക്കേസിലെ വിജിലന്‍സ് കോടതി വിധി യുഡിഎഫിന് വലിയ തിരിച്ചടിയായി. മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന കോടതി കണ്ടെത്തല്‍ യുഡിഎഫ് പ്രചരണത്തെ പിന്നോട്ടടിച്ചു. ശാശ്വതികാനന്ദയുടെ ദുരൂഹമരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് എസ്എന്‍ഡിപിയേയും, വിഎസിന്റെ മകനെതിരെയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് എല്‍ഡിഎഫിനെയും പ്രതിരോധിക്കാന്‍ യുഡിഎഫ് ശ്രമിച്ചുവെങ്കിലും അത് കാര്യമായ ചലനമുണ്ടാക്കിയില്ല എന്നാണ് വിലയിരുത്തല്‍. വിമത സ്ഥാനാത്ഥികളുടെ സാന്നിധ്യവും, മലപ്പുറത്ത് മുസ്ലിം ലീഗും കോണ്‍ഗ്രസും മുഖാമുഖം മത്സരിക്കുന്നതും യുഡിഎഫിന് ക്ഷിണമായി.
സിപിഎമ്മിനെ സംബന്ധിച്ചാകട്ടെ ബിജെപിയുടെ സജീവ സാന്നിധ്യം എത്രത്തോളം തിരിച്ചടിയുണ്ടാക്കും എന്ന ആശങ്ക തന്നെയാണ് പ്രചരണത്തില്‍ മുഴച്ച് നിന്നത്. പലയിടത്തും എസ്ഡിപിഐ പോലുള്ള പാര്‍ട്ടികളായി പോലും സഖ്യമുണ്ടാക്കിയത് ബിജെപിയുടെ സാന്നിധ്യത്തെ മറികടക്കാന്‍ വേണ്ടിയായിരുന്നു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ഇത്തവണയും പ്രചരണത്തിനിടെ ചര്‍ച്ചയായി, ഫസല്‍ വധക്കേസിലെ പ്രതികളായ കാരായിമാരെ മത്സരിപ്പിച്ചതും, പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ സിപിഎം അക്രമണത്തില്‍ മുസ്ലിംലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ടതും സിപിഎമ്മിനെതിരെ എതിരാളികള്‍ ആയുധമാക്കി. ബാര്‍കോഴ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉയര്‍ന്നു വന്നത് ഗുണം ചെയ്യുമെന്നാണ് അവരുടെ വിലയിരുത്തല്‍. എസ്എന്‍ഡിപി ബിജെപിയുമായി സഹകരിക്കുന്നത് തിരിച്ചടിയാവില്ലെന്നും അവര്‍ കണക്ക് കൂട്ടുന്നു. ദാദ്രിയിലെ കൊലപാതകവും, തുടര്‍ന്നുള്ള അസഹിഷ്ണുത വാദവും ബിജെപിയെ പ്രതിരോധത്തിലാക്കി എന്നാണ് സിപിഎം വിലയിരുത്തല്‍.
എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ബിജെപി കേരള രാഷ്ട്രീയത്തില്‍ എത്രത്തോളം ശക്തിയാണെന്ന് തെളിയിക്കുന്നതാവുമെന്നതില് തര്‍ക്കമില്ല. എത്ര കോര്പ്പറേഷന് പിടിക്കും, എത്ര സീറ്റുകള്‍ നേടും എന്നതിലുപരി ബിജെപി നേടുന്ന വോട്ടിംഗ് ശതമാനമാകും ശ്രദ്ധേയമാകുക. കഴിഞ്ഞ തവണത്തേതിനേക്കാള്‍ മൂന്നിരട്ടി സീറ്റ് നേടുമെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്. പ്രചരണത്തില്‍ വലിയ ചലനമുണ്ടാക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞുവെന്നതില്‍ തര്‍ക്കമില്ല. പലയിടത്തും ബിജെപി വനിയ ശക്തിയാകുമെന്ന സൂചന നല്കി പ്രചരണം. എസ്എന്‍ഡിപി ബിജെപി സഹകരണം വലിയ മാറ്റമുണ്ടാക്കാനുള്ള സാധ്യത തള്ളികളയാനാവില്ല. ഫലത്തില്‍ ബിജെപി എന്ന പാര്‍ട്ടിയുടേയും, മൂന്നാം മുന്നണി സാധ്യതയുടേയും പരീക്ഷണശാലയായിരുന്നു തെരഞ്ഞെടുപ്പ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി എത്രത്തോലം ശക്തിയാകും എന്നതിന്റെ അളവ് കോല് കൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ്.
Discussion about this post