കോഴിക്കോട്: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണവുമായി യുവതി എയർ കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് നരിക്കുനി സ്വദേശി കണ്ടൻപ്ലാക്കിൽ അസ്മാ ബീവി (32) ആണ് കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായത്. ഞായറാഴ്ച രാത്രി 10.30ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയതായിരുന്നു അസ്മാ ബീവി.
അതിവിദഗ്ധമായി ഒളിപ്പിച്ച സ്വർണ മിശ്രിതമടങ്ങിയ 2,031 ഗ്രാം തൂക്കമുള്ള രണ്ട് പാക്കറ്റുകളാണ് അസ്മാ ബീവിയുടെ അടിവസ്ത്രത്തിനുള്ളിൽ നിന്നും പിടികൂടിയത്. 24 കാരറ്റിന്റെ 1.769 കിലോ സ്വർണമാണ് ഇവർ ഇങ്ങനെ കടത്തിയത്. 15 ദിവസം മുമ്പായിരുന്നു ഇവർ ദുബായിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്തേക്ക് പോയത്.
40,000 രൂപയും വിമാന ടിക്കറ്റുമാണ് ഇവർക്ക് സ്വർണ്ണക്കടത്തിന് കൂലിയായി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്. ഇവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.












