തൃശൂർ: ചാവക്കാട് കടപ്പുറത്ത് പടുകൂറ്റൻ തിമിംഗിലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. തോട്ടാപ്പ് മരക്കമ്പനിക്ക് പുറക് വശത്തായാണ് തിമിംഗിലത്തിന്റെ ചീഞ്ഞളിഞ്ഞ ജഡം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
വൈകീട്ട് അഞ്ചോടെയാണ് നാട്ടുകാർ തിമിംഗിലത്തിന്റെ ജഡം കണ്ടത്. കടൽ ഭിത്തിയോട് ചേർന്ന ഭാഗത്തായിട്ടാണ് ജഡം അടിഞ്ഞത്. കപ്പലോ മറ്റോ ഇടിച്ച് ചത്തതാകാം തിമിംഗിലം എന്നാണ് പരിചയ സമ്പന്നരായ മത്സ്യത്തൊഴിലാളികൾ പറയുന്നത്.
നാല് വർഷങ്ങൾക്ക് മുൻപ്, 2019 ഏപ്രിൽ മാസത്തിലും ചാവക്കാട് ബീച്ചിൽ കൂറ്റൻ തിമിംഗിലത്തിന്റെ ജഡം കരയ്ക്കടിഞ്ഞിരുന്നു. എടക്കഴിയൂർ തെക്കേമദ്രസയിലായിരുന്നു തിമിംഗിലത്തിന്റെ ജഡം തിരയ്ക്കൊപ്പം കരയ്ക്കടിഞ്ഞത്. അന്ന് കരയ്ക്കടിഞ്ഞ തിമിംഗിലത്തിന് 25 അടി നീളവും 15 അടി വീതിയും 10 ടണ്ണിനടുത്ത് ഭാരവുമുണ്ടായിരുന്നു.












