ന്യൂഡൽഹി : നേപ്പാൾ എയർലൈൻസ് വിമാനവും എയർ ഇന്ത്യ വിമാനവുമായുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. ഇരു വിമാനങ്ങളും അപകടകരമാംവിധം അടുത്തെത്തിയെങ്കിലും പൈലറ്റുമാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാകുകയായിരുന്നു. നേപ്പാളിലെ സിമാരയിൽ വെച്ചാണ് സംഭവം നടന്നത്. ഇതേ തുടർന്ന് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരെ ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു.
കഴിഞ്ഞ 24 നാണ് സംഭവം നടന്നത്. ന്യൂഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള എയർ ഇന്ത്യ വിമാനവും ക്വാലാലംപൂരിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള നേപ്പാൾ എയർലൈൻസ് വിമാനവുമാണ് പരസ്പരം അടുത്തെത്തിയത്. കാഠ്ണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിനരികെ എയർ ഇന്ത്യ വിമാനം 19,000 അടി ഉയരത്തിൽ പറക്കുമ്പോൾ 15,000 അടി ഉയരത്തിൽ നേപ്പാൾ എയർലൈൻസിൻറെ വിമാനവും പറക്കുന്നുണ്ടായിരുന്നു
രണ്ട് വിമാനങ്ങളും അപകടകരമാംവിധം അടുത്താണെന്ന് റഡാറിൽ തെളിഞ്ഞു. ഇതോടെ നേപ്പാൾ എയർലൈൻസിൻറെ പൈലറ്റ് 7000 അടിയിലേക്ക് വിമാനം താഴ്ത്തിപ്പറത്തുകയായിരുന്നു. തുടർന്ന് എയർ ഇന്ത്യ പൈലറ്റുമാരെ ചോദ്യം ചെയ്ത സിഎഎഎൻ ഇവർക്ക് വിലക്കേർപ്പെടുത്തിയതായി ഡിജിസിഎയെ അറിയിച്ചു. ജീവനക്കാരുടെ അശ്രദ്ധയാണ് വിമാനങ്ങൾ അടുത്തുവരാൻ കാരണമെന്നും വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സമിതിക്ക് രൂപംനൽകിയെന്നും നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Discussion about this post