പുതുച്ചേരി : പുതുച്ചേരിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു. കനുവാപേട്ട സ്വദേശി സെന്തിൽ കുമാർ(45) ആണ് കൊല്ലപ്പെട്ടത്. ഇരുചക്ര വാഹനങ്ങളിലായി എത്തിയ ഏഴംഗ സംഘം ബിജെപി പ്രവർത്തകന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടുറോഡിലിട്ട് വെട്ടിക്കൊന്നത്. പുതുച്ചേരി ആഭ്യന്തര മന്ത്രി എ നമശ്ശിവായത്തിന്റെ ബന്ധു കൂടിയാണ് സെന്തിൽ.
ഇന്നലെ രാത്രിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. റോഡിന് സമീപത്ത് കടകൾക്ക് മുന്നിൽ നിന്ന സെന്തിലിനെ ബൈക്കുമായെത്തിയ സംഘം വളയുകയായിരുന്നു. തുടർന്ന് ഇവർ ബിജെപി പ്രവർത്തകന് നേരെ രണ്ട് ബോംബുകൾ എറിഞ്ഞു. ബോംബേറിന്റെ ആഘാതത്തിൽ കുഴഞ്ഞുവീണ സെന്തിലിനെ നടുറോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.
വിവരം അറിഞ്ഞ് ആഭ്യന്തരമന്ത്രി എ നമശ്ശിവായത്തിനൊപ്പം 700 ഓളം ബിജെപി പ്രവർത്തകരും സെന്തിലിന്റെ ബന്ധുക്കളും സ്ഥലത്ത് തടിച്ചുകൂടി. കുമാറിന്റെ മൃതദേഹം കണ്ട് ആഭ്യന്തരമന്ത്രി പൊട്ടിക്കരയുകയായിരുന്നു. പോലീസ് എത്തി വിശദമായ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ സെന്തിലിന് നേരെ ആക്രമി രണ്ട് നാടൻ ബോംബുകൾ എറിയുന്നത് വ്യക്തമായി കാണാം. പ്രദേശത്ത് പുക പരന്നതോടെ അക്രമി സംഘം പ്രവർത്തകനെ വടി ഉപയോഗിച്ച് ആക്രമിക്കുന്നതും വെട്ടിക്കൊല്ലുന്നതും കാണാനാകും.
Discussion about this post