കശ്മീർ: ജമ്മു കശ്മീരിലെ ഹിരാനഗറിൽ ബുധനാഴ്ച രാത്രി സ്ഫോടനം ഉണ്ടായതായി റിപ്പോർട്ട്. കത്വയിൽ അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നാണ് വലിയ സ്‌ഫോടന ശബ്ദം കേട്ടതെന്ന് ജമ്മു അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് മുകേഷ് സിംഗ് പറഞ്ഞു. പ്രദേശത്ത് പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനം ഗ്രാമവാസികളിൽ വലിയ തോതിൽ പരിഭ്രാന്തി ഉണ്ടാക്കിയതായി സന്യാൽ ഗ്രാമവാസിയായ രാം ലാൽ കാലിയ പറഞ്ഞു.
സ്ഫോടന വിവരം ലഭിച്ചതിന് പിന്നാലെ കത്വ എസ്എസ്പി ശിവദീപ് സിംഗിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. നുഴഞ്ഞുകയറ്റത്തിനുള്ള സാധ്യതയും ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.










