ന്യൂഡൽഹി: മദ്യ നയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് സിബിഐയ്ക്ക് മുൻപിൽ. രാവിലെ 11 മണിയ്ക്ക് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് അദ്ദേഹം ചോദ്യം ചെയ്യലിനായി ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് സിബിഐ മുഖ്യമന്ത്രിയ്ക്ക് നോട്ടീസ് നൽകിയത്.
സാക്ഷി എന്ന നിലയിലാണ് കെജ്രിവാളിനെ വിളിപ്പിച്ചിരിക്കുന്നത്. നിലവിൽ ഇതേ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായത്. അദ്ദേഹത്തിന്റെ പക്കൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ എന്നാണ് റിപ്പോർട്ടുകൾ. സിബിഐ ഓഫീസിലേക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പമാകും കെജ്രിവാൾ എത്തുക. ചില ആംആദ്മി നേതാക്കളും അദ്ദേഹത്തെ അനുഗമിക്കും.
ചോദ്യം ചെയ്യലിനോട് അനുബന്ധിച്ച് സിബിഐ ആസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ പ്രതിഷേധവുമായി ആംആദ്മി പ്രവർത്തകർ സിബിഐ ആസ്ഥാനത്ത് എത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യം പരിഗണിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.








