കോഴിക്കോട്; അജ്ഞാതർ തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയെ പോലീസ് കണ്ടെത്തിയതാണോ വീട്ടിലെത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്തതാണോ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. മുഹമ്മദ് ഷാഫിയെ ഇന്ന് കർണാടകയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയെന്നും ഇന്ന് തന്നെ കേരളത്തിലെത്തിച്ചുവെന്നുമാണ് പോലീസ് അവകാശപ്പെടുന്നത്.
എന്നാൽ തട്ടിക്കൊണ്ടുപോയ സംഘം വിട്ടയച്ചതിന് ശേഷം തിരികെ വീട്ടിലെത്തിയ ഷാഫിയെ വിവരം അറിഞ്ഞ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഈ കാര്യങ്ങൾ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ക്വട്ടേഷൻ സംഘം ഷാഫിയെ മൈസൂരുവിൽ ഇറക്കിവിട്ടെന്നും മൈസൂരുവിൽ നിന്ന് ഇന്ന് ഉച്ചയോടെ ഇയാൾ ബസിൽ താമരശ്ശേരിയിലെ വീട്ടിലെത്തിയതാണെന്നും ചില മാദ്ധ്യമങ്ങ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഈ കാര്യങ്ങളിലൊന്നും പോലീസ് വ്യക്തത വരുത്തിയിട്ടില്ല.
കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയും കോഴിക്കോട് റൂറൽ എസ്പിയുടെ ചുമതലയുളള വയനാട് എസ്പി ആർ ആനന്ദും വടകര റൂറൽ എസ്പി ഓഫീസിലെത്തി ഷാഫിയെ ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഷാഫിയുടെ ഭാര്യയെ വഴിയിൽ ഉപേക്ഷിച്ച ശേഷം ഇയാളെയും കൊണ്ട് കടന്നു കളയുകയായിരുന്നു. ഷാഫിക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ ഇയാളുടെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. സൗദി രാജകുടുംബത്തിൽ നിന്നു കവർച്ച ചെയ്ത 325 കിലോ സ്വർണത്തിന്റെ വിഹിതം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് ഷാഫി വീഡിയോയിൽ പറഞ്ഞിരുന്നത്.
Discussion about this post