ഡല്‍ഹി: വിവാഹ മോചനക്കേസുകളിലെ സ്വത്തും കുട്ടികളുടെ അവകാശങ്ങളും സംബന്ധിച്ച ചിലവേറിയ കോടതി വാദങ്ങള്‍ക്ക് തടയിടാന്‍ വിദേശ രാജ്യങ്ങളിലേതുപോലെ കരാര്‍ സംവിധാനം വരണമെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി. വിഷയം സംബന്ധിച്ച് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡയുമായി മനേക ഗാന്ധി ചര്‍ച്ച നടത്തി.
രണ്ടുപേര്‍ക്കുമുള്ള ആസ്തി എങ്ങനെ പങ്കിടണമെന്നും പിന്നീട് വിവാഹബന്ധം വേര്പെടുത്തേണ്ടിവരികയാണെങ്കില് കുട്ടികളുടെ രക്ഷാകര്‍തൃത്വം വിവാഹാനന്തര സഹായം എന്നിവയുമുള്‍പ്പെടുത്തി ഭാവി വരനും വധുവും തയ്യാറാക്കുന്ന കരാറാണ് ‘പ്രിനപ്ഷ്യല്‍ എഗ്രിമെന്റ്’ അഥവാ പ്രിനപ്.
ഇന്ത്യയില്‍ ഈ കരാറിന് നിയമസാധുത ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ട് അനുസരിച്ച് പലരും കരാറിലെത്താറുണ്ട്. എങ്കിലും ഇവയ്ക്കും എത്രത്തോളം നിയമസാധുത ഉണ്ട് എന്നത് തര്‍ക്കവിഷയവുമാണ്. പുതിയ നിയമം കൊണ്ടുവരുന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്താനും തീരുമാനമായിട്ടുണ്ട്.
സ്ത്രീകളുടേയും കുട്ടികളുടേയും വികസനകാര്യ വകുപ്പ് ഈ മാസം 23 ന് വിദഗ്ധരുടെ അഭിപ്രായം തേടും. മുന്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്സിങ്, ബെംഗലുരുവിലേയും ഡല്‍ഹിയിലേയും ലോ സ്കൂളുകളിലെ പ്രതിനിധികള്‍, ജഗോരി, ആക്ഷന്‍ ഇന്ത്യ എന്നീ സന്നദ്ധ സംഘടനകള്‍ എന്നിവരുമായാണ് ചര്‍ച്ച.
Discussion about this post