ഖാർത്തൂം: സൈന്യവും അർദ്ധസൈനിക വിഭാഗവും ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ സ്ഥിതി രൂക്ഷമാകുന്നു. നേരത്തെ പ്രഖ്യാപിച്ച വെടിനിർത്തൽ കാലാവധി പൂർത്തിയാകാനിരിക്കെ തലസ്ഥാനമായ ഖാർത്തൂമിന്റെ വടക്കൻ മേഖലയിൽ സൈന്യം അർദ്ധസൈനിക വിഭാഗത്തിനെതിരെ വ്യോമാക്രമണം ആരംഭിച്ചതായിട്ടാണ് റിപ്പോർട്ട്.
വെടിനിർത്തൽ 72 മണിക്കൂർ കൂടി തുടരാൻ സൈന്യം നേരത്തെ സമ്മതം മൂളിയിരുന്നെങ്കിലും അർദ്ധസൈനിക വിഭാഗത്തിന്റെ നേതൃത്വം അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഇതിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഖാർത്തൂമിന്റെ വടക്കൻ മേഖലയിൽ സൈന്യം വ്യോമാക്രമണം ആരംഭിച്ചത്.
സംഘർഷം ആരംഭിച്ച ഏപ്രിൽ 15 മുതൽ ഇതുവരെ 512 പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് സുഡാൻ ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. എന്നാൽ അന്താരാഷ്ട്ര ഏജൻസികളുടെ കണക്കിൽ മരണസംഖ്യ ഇതിലും കൂടുതലാണ്.
സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ രാജ്യങ്ങൾ ഒഴിപ്പിക്കൽ നടപടികൾ സജീവമാക്കിയിട്ടുണ്ട്. ഇതുവരെ 536 ബ്രിട്ടീഷ് പൗരൻമാരെ സുഡാനിൽ നിന്ന് രക്ഷപെടുത്തിയതായി ബ്രിട്ടൻ അറിയിച്ചു. സുഡാനിൽ തുടരുന്ന ബ്രിട്ടീഷുകാരോട് പുറത്തുവരണമെന്നും സംഘർഷം അവസാനിക്കുന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ലെന്നും യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി വ്യക്തമാക്കി.
1100 ഓളം പേരെയാണ് ഇന്ത്യ ഇതുവരെ സുഡാനിൽ നിന്ന് രക്ഷപെടുത്തി നാട്ടിലെത്തിച്ചത്.
Discussion about this post