വാഷിംഗ്ടൺ : ഇന്ത്യയിലെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ ‘മോസ്റ്റ് വാണ്ടഡ് ക്രിമിനൽ’ ലിസ്റ്റിൽ ഉൾപ്പെട്ട ഒരാൾ ഉൾപ്പെടെ 8 ഖാലിസ്ഥാൻ ഭീകരർ യുഎസിൽ അറസ്റ്റിൽ. ജൂലൈ 11-ന് യുഎസിൽ ഒന്നിലധികം SWAT ടീമുകൾ നടത്തിയ ഏകോപിത റെയ്ഡുകളെ തുടർന്നാണ് 8 ഭീകരർ അറസ്റ്റിലായത്. എൻഐഎയുടെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരൻ പവിത്തർ സിംഗ് ബടാലയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
പഞ്ചാബിലെ ഒരു കുപ്രസിദ്ധ ഗുണ്ടാസംഘാംഗമാണ് പവിത്തർ സിംഗ് ബടാല. നിരോധിത ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ നിർദ്ദേശപ്രകാരം ഭീകര പ്രവർത്തനങ്ങൾ നടത്തിയതിന് ആണ് എൻഐഎ ഇയാളെ തിരയുന്നത്. കാലിഫോർണിയയിലെ സാൻ ജോക്വിൻ കൗണ്ടിയിൽ നടന്ന ഒരു കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസിൽ ആണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്‌ബിഐ) ബടാല ഉൾപ്പടെയുള്ള 8 ഖാലിസ്ഥാൻ ഭീകരരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
സാൻ ജോക്വിൻ കൗണ്ടിയിലുടനീളം തട്ടിക്കൊണ്ടുപോകൽ, പീഡന അന്വേഷണത്തിന്റെ ഭാഗമായി ഒന്നിലധികം സുരക്ഷാ ഏജൻസികൾ അഞ്ച് ഏകോപിത റെയ്ഡുകൾ നടത്തി. ഈ ഓപ്പറേഷനിൽ എട്ട് പേർ അറസ്റ്റിലായി. ദിൽപ്രീത് സിംഗ്, അർഷ്പ്രീത് സിംഗ്, അമൃത്പാൽ സിംഗ്, വിശാൽ, പവിത്തർ സിംഗ്, ഗുർതാജ് സിംഗ്, മൻപ്രീത് രൺധാവ, സരബ്ജിത് സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് എഫ് ബി ഐ വ്യക്തമാക്കി. അറസ്റ്റിലായ ഭീകരരിൽ നിന്ന് ഒരു പൂർണ്ണ ഓട്ടോമാറ്റിക് ഗ്ലോക്ക് ഉൾപ്പെടെ 5 ഹാൻഡ്‌ഗണ്ണുകൾ, ഒരു അസോൾട്ട് റൈഫിൾ, നൂറുകണക്കിന് റൗണ്ട് വെടിയുണ്ടകൾ, ഉയർന്ന ശേഷിയുള്ള മാഗസിനുകൾ, 15,000 യുഎസ് ഡോളറിലധികം പണം എന്നിവയും പിടിച്ചെടുത്തതായി എഫ്ബിഐ അറിയിച്ചു.
Discussion about this post