ഡല്‍ഹി: യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ചലി ആട്ടാ നൂഡില്‍സിന് ഇന്ത്യന്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ് അതോറിറ്റി വിലക്കേര്‍പ്പെടുത്തി. വിപണിയിലെത്തി ഒരു ദിവസം തികയുന്നതിനു മുമ്പാണ് രാംദേവിന്റെ ന്യൂഡില്‍സിന് വിലക്ക് വീണത്.
ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് ഈ ഉത്പന്നം വിപണിയിലെത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. എന്നാല്‍ കമ്പനിക്ക് പിന്തുണയുമായി രാംദേവ് മുന്നോട്ടെത്തിയിരുന്നു. കമ്പനിയും അതോറിറ്റിയും തമ്മിലുണ്ടായ ആശയവിനിമയത്തില്‍ വന്ന വീഴ്ചയാകാം ഇതെന്നും നിയമവിരുദ്ധമായി പതഞ്ചലിയോ കമ്പനിയോ ഒന്നും ചെയ്തിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
അഞ്ച് മാസത്തെ വിലക്കിനു ശേഷം വിപണിയിലെത്തിയ നെസ്ലെയുടെ മാഗി നൂഡില്‍സിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ബാബാ രാംദേവ് പതഞ്ചലി ആട്ടാ നൂഡില്‍സ് രംഗത്തിറക്കിയത്. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാംദേവ് തന്നെയാണ് തന്റെ പുതിയ സംരംഭത്തെ പരിചയപ്പെടുത്തിയത്. രാംദേവിന്റെ സ്ഥാപനമായ ഹരിദ്വാറിലെ പതഞ്ചലി ആയുര്‍വേദ് ആണ് നൂഡില്‍സിന്റെ നിര്‍മ്മാതാക്കള്‍. എഴുപത് ഗ്രാം പായ്ക്കിന് വില 15 രൂപയാണ് .
മറ്റ് കമ്പനികളെ അപേക്ഷിച്ച് തുച്ഛമാണ് പതഞ്ചലി നൂഡില്‍സിന്റെ വിലയെന്ന് രാംദേവ് അവകാശപ്പെട്ടു. പ്രതിയോഗികളെക്കാളും പത്ത് രൂപ കുറവാണ് തന്റെ നൂഡില്സിനെന്ന് രാംദേവ് പറഞ്ഞിരുന്നു.
Discussion about this post