ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ ചന്ദ്രാകൃതിയിലുള്ള ബലൂൺ കണ്ടെത്തിയത് ആശങ്കയ്ക്ക് കാരണമായി. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സംശയാസ്പദമായ വസ്തു ഉടൻ പിടിച്ചെടുത്തു, വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ചന്ദ്രാകൃതിയിലുള്ള ബലൂൺ പാകിസ്താനിൽ നിന്നുള്ളതാണെന്ന് സംശയിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഏപ്രിൽ 20 ന്, ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ രാര ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിന് സമീപവും വിമാനത്തിന്റെ ആകൃതിയിലുള്ള ഒരു ബലൂൺ കണ്ടെത്തിയിരുന്നു.
അതേ സമയം ജമ്മു കശ്മീരിൽ 15 ഇടങ്ങളിലാണ് ഇന്ന് എൻ.ഐ.എ പരിശോധന നടത്തിയത്. ഷോപിയാനിൽ മൂന്നിടങ്ങളിലും അനന്ത്നാഗിൽ നാലിടങ്ങളിലും ബാരാമുള്ളയിലും രജൗരിയിലും ഒരിടത്തും ശ്രീനഗറിലും പൂഞ്ചിലും ബുദ്ഗാമിലും രണ്ടിടത്തും പരിശോധന നടന്നു. പാക് പിന്തുണയോടെയുള്ള തീവ്രവാദ ഗൂഢാലോചനാ കേസ് സംബന്ധിച്ചാണ് പരിശോധന.








