ക്ഷമ ചോദിക്കുന്നു..; തെറ്റിദ്ധാരണമൂലം സംഭവിച്ചതാണ്; ത്രയംബകേശ്വരാണ് ഇവിടുത്തെ ഐശ്വര്യത്തിന് കാരണം; ഹിന്ദുക്കളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ , ആ ആചാരം പോലും നിർത്താൻ തയ്യാറാണ്; സയ്യദ് ഗുലാം ഷാ വാലി ബാബ
മുംബൈ: മഹാരാഷ്ട്രയിലെ പ്രസിദ്ധ ജ്യോതിർലിംഗ ക്ഷേത്രമായ ത്രയംബകേശ്വരിൽ മുസ്ലീം ചെറുപ്പക്കാർ അതിക്രമിച്ച് കയറിയ സംഭവത്തിൽ മാപ്പപേക്ഷയുമായി സംഘാംഗം.പ്രദേശവാസിയായ സയ്യിദ് അലിയാണ് മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.
ദർഗയിലെ ആഘോഷങ്ങൾ നടക്കുമ്പോൾ ത്രയംബകേശ്വരന് കുന്തിരിക്കത്തിന്റെ പുക അർപ്പിക്കുന്ന ചടങ്ങ് പാരമ്പര്യമായി ചെയ്ത് പോന്നിരുന്നതാണെന്നും ആ ചടങ്ങിന്റെ ഭാഗമായിട്ടാണ് താൻ ക്ഷേത്രപരിസരത്തെത്തിയതെന്നും സയ്യദ് ഗുലാം ഷാ വാലി ബാബ പറഞ്ഞു. പിതാവ് ചെയ്യുന്നത് കണ്ടാണ് താൻ ഈ ആചാരം പിന്തുടർന്നിരുന്നത്. മുൻപ് ഒരിക്കലും ചാദർ സമർപ്പിക്കാൻ എത്തിയിട്ടില്ല. ആദ്യ പടിയിൽ നിന്ന് കുന്തിരിക്കം പുകച്ച് തിരികെ പോകാറാണ് പതിവ്. ഇത് തെറ്റ് പറ്റിയതാണ്. അവരുടേയും ഉദ്ദേശ്യം നല്ലതാണെന്ന് ധരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ത്രയംബക് രാജാവായിട്ടാണ് ത്രയംബകേശ്വരനെ കണക്കാക്കുന്നത്. ഇവിടുത്തെ രാജാവ്. അവൻ ഈ സ്ഥലം ഭരിക്കുന്നു. അദ്ദേഹം കാരണമാണ് ഞങ്ങൾ ഇവിടെ സുരക്ഷിതരും ഐശ്വര്യവും ഉള്ളത് എന്നാണ് എന്റെ വിശ്വാസം. കോണിപ്പടിയിൽ നിൽക്കുമ്പോൾ ഞാൻ ഓം നമഃ ശിവായെന്നും ഹർഹർ മഹാദേവെന്നും ജപിക്കുന്നു. ഇത് പോലെ ആരാധിക്കാനാണ് അവരും എത്തിയതെന്ന് വിചാരിച്ചിട്ടാണ് യുവാക്കൾക്കൊപ്പം നിന്നതെന്ന് സയ്യദ് ഗുലാം ഷാ വാലി ബാബ പറഞ്ഞു.
ചാദർ സമർപ്പിക്കാനാണ് യുവാക്കൾ ക്ഷേത്രത്തിൽ എത്തിയതെന്ന് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നുവെങ്കിൽ കൂടെ കൂടില്ലായിരുന്നു. വലിയ തെറ്റാണ് ചെയ്തത്. കുന്തിരിക്കം സമർപ്പിക്കുന്നത് വിശ്വാസികളിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെങ്കിലോ, മറ്റെന്തെങ്കിലും പ്രശ്‌നത്തിന് കാരണമായി തീരും എന്ന് കരുതുന്നുണ്ടെങ്കിലോ നിർത്താൻ തയ്യാറാണ്. ക്ഷമ ചോദിക്കുന്നു. ഹിന്ദുവികാരം വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. കുന്തിരിക്കം പുകയ്ക്കുന്ന ആചാരം എന്നന്നേക്കുമായി നിർത്താനും തയ്യാറാണെന്ന് സയ്യിദ് അലി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുസ്ലീം യുവാക്കൾ ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കയറി പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ക്ഷേത്രം ട്രസ്റ്റ് ജീവനക്കാരും ഭക്തരും ചേർന്ന് തടയുകയായിരുന്നു.ചാദർ ( വെൽവെറ്റിന്റെ വെള്ളത്തുണി) സമർപ്പിച്ച് ക്ഷേത്രത്തിലെ ഹിന്ദു ആചാരങ്ങൾക്ക് ഭംഗം വരുത്താനായിരുന്നു ഇസ്ലാമിക വാദികളുടെ ശ്രമം. ജ്യോതിർലിംഗ ക്ഷേത്രം തകർക്കുക എന്ന ലക്ഷ്യത്തോടെ 12 പേരടങ്ങുന്ന മുസ്ലീം യുവാക്കളുടെ സംഘമാണ് എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇത് വരെ നാല് പേർ അറസ്റ്റിലായിട്ടുണ്ട്.








