ചെന്നൈ : തമിഴ്‌നാട്ടിൽ ഒക്ടോബർ ആറിന് നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചെന്നൈയിലെ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ ‘നിനൈവകത്തിൽ’ നടന്ന വാർത്താസമ്മേളനത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം, സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ, സി.പി.ഐ (എം.എൽ) ലിബറേഷൻ സെക്രട്ടറി പള അസൈതമ്പി എന്നിവരാണ് സ്ഥാനാർത്ഥികളുടെ പേര് വെളിപ്പെടുത്തിയത്. മധുരാന്തകം മണ്ഡലത്തിൽ സി.പി.ഐ.എം നേതാവ് പി. സുഗന്തിയും ധാരാപുരത്ത് സി.പി.ഐ നേതാവ് പി. ലക്ഷ്മണനും മത്സരിക്കും.
തമിഴ്‌നാട് അയിത്ത നിർമ്മാർജ്ജന മുന്നണിയുടെ ജനറൽ സെക്രട്ടറിയും പ്രമുഖ മഹിളാ നേതാവുമാണ് പി. സുഗന്തി. മുൻപ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായും ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ധാരാപുരത്ത് സ്ഥാനാർത്ഥിയായ പി. ലക്ഷ്മണൻ ഒരു നിർമ്മാണ തൊഴിലാളിയും സി.പി.ഐ ധാരാപുരം താലൂക്ക് സെക്രട്ടറിയുമാണ്. ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പൊരുതുന്ന ജനകീയ നേതാക്കളെ ഇരു മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് പ്രസ് കോൺഫറൻസിൽ ഇടതു നേതാക്കൾ ജനങ്ങളോട് അഭ്യർത്ഥിച്ചു.
എ.ഐ.എ.ഡി.എം.കെ ടിക്കറ്റിൽ ജയിച്ച എം.എൽ.എമാർ രാജി വെച്ചതിനെത്തുടർന്നാണ് മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ടി.വി.കെ, നാം തമിഴർ കക്ഷി തുടങ്ങിയ പ്രധാന മുന്നണികളിൽ നിന്നും സ്വതന്ത്രമായി മത്സരിക്കാനാണ് ഇടതുപക്ഷ പാർട്ടികൾ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ ആറിന് വോട്ടെടുപ്പും ഒക്ടോബർ ഒമ്പതിന് വോട്ടെണ്ണലും നടക്കും.








