ഡല്‍ഹി: വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് ഒരിക്കല്‍കൂടി ഓര്‍മിപ്പിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അസഹിഷ്ണുത കൈകാര്യം ചെയ്യുന്നതില്‍ ലോകം ബുദ്ധിമുട്ടുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തിന് പ്രസക്തിയുണ്ടെന്നും ഇത് ലോകത്തിനുമുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യയെക്കുറിച്ച് പഠിക്കുന്ന ഇന്‍ഡോളജിസ്റ്റുകളുടെ ആദ്യ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. ലോകം ഇന്ത്യയെ ഇനിയും പഠിച്ചിട്ടില്ല. സഹിഷ്ണുത മാത്രമല്ല, ഇന്ത്യ മുന്നോട്ടുവെക്കുന്നത്. അത് അനുകമ്പയുടെ പാഠംകൂടി പഠിപ്പിക്കുന്നുണ്ട്. മുമ്പില്ലാത്തവിധം പല തെറ്റായ കാര്യങ്ങള്‍ക്കും നാം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. ഈയവസരത്തില്‍ നമ്മുടെ സംസ്കാരം ഉയര്‍ത്തുന്ന ഉന്നതമൂല്യങ്ങള്‍ നമ്മള് ഓര്‍ത്താല്‍ മാത്രം മതി-അദ്ദേഹം പറഞ്ഞു.
മറ്റെവിടെയുമല്ല, ഇവിടെ ഇന്ത്യക്കാരാണ് മുഹമ്മദീയര്‍ക്കും ക്രിസ്ത്യാനികള്‍ക്കും വേണ്ടി പള്ളികള്‍ പണിതത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വസുധൈവ കുടുംബകം എന്ന ആശയം ആദ്യമായി ലോകത്തിനു നല്‍കിയത് വേദങ്ങളാണ്. ആധുനികത സ്വാഗതം ചെയ്യപ്പെടുമ്പോള്‍തന്നെ ചിന്തയിലും പ്രവൃത്തിയിലും ആചാരങ്ങളിലും ചരിത്രം ജനങ്ങളില്‍ സജീവമായി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെക്കുറിച്ചുള്ള പഠനത്തിനുള്ള മികവിന് ജര്‍മനിയില്‍നിന്നുള്ള പ്രൊഫസര്‍ ഹെന്റിക് ഫിയറര്ക്ക് രാഷ്ട്രപതി പുരസ്കാരവും നല്കി. 20,000 ഡോളറും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചൈന, റഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 29ഓളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Discussion about this post