തിരുവനന്തപുരം: ജനതാദള്‍ യുണൈറ്റഡുമായി ലയിക്കുന്നതിനേച്ചൊല്ലി ജനതാദള്‍ എസില്‍ ഭിന്നത. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെ നിലപാട് തള്ളി ദേശീയ നിര്‍വ്വാഹക സമിതി അഗം എം.കെ പ്രേംനാഥ് എം.പി വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തി.
ഇന്ന് രാവിലെ വീരേന്ദ്രകുമാറിന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇരുപാര്‍ട്ടികളും ലയിക്കണമന്നും. ഭിന്നിച്ച് നില്ക്കുന്ന എല്ലാവരും ഒരുമിച്ച് നില്‍ക്കുകയും വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡും ജനതാദള്‍ സെക്കുലറും ഒരുമിച്ച് നില്ക്കുന്ന രാഷ്ട്രീയ മുന്നേറ്റമാണ് വേണ്ടതെന്നും പ്രേംനാഥ് പറഞ്ഞു.
ജനതാദള്‍ യുണൈറ്റഡുമായി ഇപ്പോള്‍ ലയനമില്ലെന്നായിരുന്നു ജനതാദള്‍ സെക്കുലര്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് ഇന്നലെ പറഞ്ഞത്. ഓരോ തിരഞ്ഞെടുപ്പിലും വിലപേശല്‍ രാഷ്ട്രീയമാണ് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു ഇപ്പോള്‍ പയറ്റുന്നത്.
എല്‍.ഡി.എഫിലേക്ക് പോകുന്നുവെന്ന പുകമറ സൃഷ്ടിച്ച് യു.ഡി.എഫില്‍ നിന്നും കൂടുതല്‍ സീറ്റ് സ്വന്തമാക്കുകയാണ് ജെ.ഡി.യുവിന്റെ ലക്ഷ്യം. ജെ.ഡി.യുവിന് രാഷ്ട്രീയ ആത്മാര്ഥതതയില്ലെന്നും മാത്യു.ടി തോമസ് ആരോപിച്ചിരുന്നു.
എന്നാല്‍ മാത്യു.ടി. തോമസ് ഏത് സാഹചര്യത്തില്‍ എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ലെന്നായിരുന്നു ഇന്ന് വീരേന്ദ്രകുമാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം എം.കെ പ്രേംനാഥിന്റെ പ്രതികരണം. ജെ.ഡി.യുവിനെതിരായ ആരോപണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post