കോഴിക്കോട്: പ്രളയത്തിൽ മരണത്തെ മുഖാമുഖം കണ്ടവരാരും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ രക്ഷാപ്രവർത്തകരെ മറക്കാനിടയില്ല. പ്രളയകാലത്ത് അനവധിപേരെ രക്ഷിച്ച സേവാഭാരതി പ്രവർത്തകൻ ലിനു പക്ഷേ ജീവിതത്തിലേക്ക് തിരിച്ചെത്തിയില്ല. കുത്തിയൊലിച്ചെത്തിയ വെള്ളം ,ലിനുവിന്റെയും കുടുംബത്തെയും തല്ലിതകർത്തായിരുന്നു ഒഴുകിയത്.
നാല് വർഷങ്ങൾക്കിപ്പുറം ലിനുവിന്റെ കുടുംബത്തിന് താങ്ങായി മലയാളികളുടെ സ്വന്തം മോഹൻലാൽ സ്വപ്നവീടൊരുക്കിയിരിക്കുന്നു.മോഹൻലാലിന്റെ സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ലിനുവിന്റെ കുടുംബത്തിന് തണൽ ഒരുങ്ങിയത്. മോഹൻലാൽ, ഭാര്യ സുചിത്ര, നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകനും നടനുമായ മേജർ രവി എന്നിവർ ചേർന്നാണ് വീടിന്റെ താക്കോൽദാനം നിർവഹിച്ചത്. കാർപെന്റർ ആയിരുന്നു ലിനു.
2019 ആഗസ്റ്റ് 11 നായിരുന്നു ചെറുവണ്ണൂരിലെ സേവാഭാരതി പ്രവർത്തകർ ആരും ഓർക്കാനിഷ്ടപ്പെടാത്ത ആ ദുരന്തം നടന്നത്. പ്രളയമുഖത്ത് രക്ഷപ്രവർത്തനത്തിനായി കൈ കോർത്ത അനേകം സേവാഭാരതി പ്രവർത്തകരിലൊരാളായിരുന്നു ലിനുവും. ദുരിതാശ്വാസ ക്യാമ്പിലെത്തി അച്ഛനെയും അമ്മയെയും കണ്ട ശേഷം ലിനു വീണ്ടും വെള്ളത്തിലേക്കിറങ്ങി. രാപകൽ ഭേദമന്യേ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ലിനു വെള്ളത്തിൽ തളർന്നു വീണു. അന്ന് തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് ലിനുവിന്റെ ജീവനറ്റശരീരം കണ്ടെത്തുകയായിരുന്നു.
പ്രളയകാലത്തെ രക്ഷാപ്രവർത്തകരെ സർക്കാർ അംഗീകരിച്ചപ്പോഴും മനപ്പൂർവ്വം ലിനുവിന്റെ ജീവത്യാഗത്തെ അവർ മറന്നു. ഇതിനെതിരെ പ്രതിഷേധം ഇരമ്പി. ബിജെപിയും സേവഭാരതിയും ഹിന്ദുഐക്യവേദിയും ശബ്ദമുയർത്തിയതോടെ സർക്കാർ നിലപാട് മാറ്റുകയായിരുന്നു.
ലിനുവിന്റെ ജീവത്യാഗത്തെ വിലകൽപ്പിക്കാതിരുന്ന നടപടിക്കെതിരെ മോഹൻലാൽ ലിനുവിന്റെ കുടുംബത്തിന് ആശ്വാസവാക്കുകളടങ്ങിയ കത്ത് കൈമാറിയായിരുന്നു പ്രതിഷേധം അറിയിച്ചത്. ലിനു യാത്രയായത് മൂന്നരക്കോടി ജനഹൃദയങ്ങളിലേക്കാണെന്ന് മോഹൻലാൽ സംവിധായകൻ മേജർ രവിയുടെ കൈവശം കൊടുത്തുവിട്ട കത്തിൽ പരാമർശിച്ചു.നടൻ സുരേഷ് ഗോപി, മമ്മൂട്ടി,ജയസൂര്യ,ഉണ്ണി മുകുന്ദൻ, എന്നിവരും ലിനുവിന്റെ കുടുംബത്തിനോടൊപ്പം നിലകൊണ്ടിരുന്നു.
Discussion about this post