പത്തനംതിട്ട: ശബരിമലയിലെ പൊന്നമ്പലമേട്ടിൽ അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ച് പ്രതികളിൽ ഒരാൾ. കേസിലെ പ്രധാന പ്രതിയും പൂജകൾക്ക് കാർമ്മികത്വം വഹിക്കുകയും ചെയ്ത നാരായണനാണ് അറസ്റ്റ് ഒഴിവാക്കാൻ കോടതിയെ സമീപിച്ചത്. നിലവിൽ ഇയാൾ ഒളിവിലാണ്.
പത്തനംതിട്ട സെഷൻസ് കോടതിയിലാണ് നാരായണൻ ഹർജി നൽകിയത്. ഇയാൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ ഇതുവരെ നാല് പേർ അറസ്റ്റിലായിട്ടുണ്ട്.
വനം വികസന കോർപ്പറേഷനിലെ രണ്ട് ജീവനക്കാരും ഇടനിലക്കാരായ രണ്ട് പേരുമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. നാരായണനും തമിഴ്നാട് സ്വദേശികളായ നാല് പേരും ഇനി അറസ്റ്റിലാകാനുണ്ട്. തമിഴ്നാട് സ്വദേശികളെ കേന്ദ്രീകരിച്ചും പോലീസ് ഊർജ്ജിത അന്വേഷണം തുടരുന്നുണ്ട്.
ഇക്കഴിഞ്ഞ എട്ടിനായിരുന്നു പൊന്നമ്പലമേട്ടിൽ നാരായണന്റെ നേതൃത്വത്തിൽ അനധികൃത പൂജ നടന്നത്. ഒരാഴ്ചയ്ക്ക് ശേഷം ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവം അറിയുന്നത്. ഉടനെ അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ വനംവകുപ്പും പോലീസുമാണ് കേസ് എടുത്തിട്ടുള്ളത്. വിഷയത്തിൽ ഹൈക്കോടതിയും കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ സ്വമേധയാ ഇടപെട്ട കോടതി പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post