ന്യൂഡൽഹി: 2006ൽ തട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ 17 വർഷങ്ങൾക്കിപ്പുറം ഡൽഹിയിലെ ഗോപാൽപുരിയിൽ നിന്ന് കണ്ടെത്തി. കാണാതാകുമ്പോൾ 15 വയസായിരുന്നു ഇവരുടെ പ്രായം. സീമാപുരി പോലീസ് സ്‌റ്റേഷനിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ കണ്ടെത്തിയതെന്ന് ഡിസിപി ഷഹ്ദര രോഹിത് മീണ പറഞ്ഞു.
2006ൽ പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. തട്ടിക്കൊണ്ടു പോയെന്ന് കാണിച്ചായിരുന്നു കുടുംബം പരാതി നൽകിയത്. യുപിയിലെ ബാലിയ എന്ന ഗ്രാമത്തിൽ ദീപക് എന്നയാളോടൊപ്പമാണ് താൻ താമസിച്ചിരുന്നതെന്ന് യുവതി പോലീസിന് മൊഴി നൽകി. അതിന് ശേഷം ചില തർക്കങ്ങളെ തുടർന്ന് ദീപക്കിനെ വിട്ട് പെൺകുട്ടി ഒറ്റയ്ക്ക് താമസം ആരംഭിച്ചു. നിലവിൽ ഗോപാൽപുരിയിൽ വാടക വീട്ടിലാണ് താൻ താമസിക്കുന്നതെന്നും യുവതി പറയുന്നു.










