ന്യൂഡൽഹി : ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടിയെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ നടത്തിയ ‘ഗോമൂത്ര വിദഗ്ധൻ’ പരാമർശത്തിനെതിരെ രാജ്യത്തെ ഇരുനൂറിലധികം പ്രമുഖ സർവ്വകലാശാലാ വൈസ് ചാൻസലർമാരും പ്രൊഫസർമാരും ശാസ്ത്രജ്ഞരും ചേർന്ന് പരസ്യ കത്തെഴുതി പ്രതിഷേധമറിയിച്ചു. പാർലമെന്റിൽ പരീക്ഷാ തട്ടിപ്പ് വിരുദ്ധ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ, പരീക്ഷാ പരിഷ്കരണങ്ങൾക്കായി കേന്ദ്ര സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയിൽ ഒരു മുൻ ഐബി മേധാവിയും ഐടി കമ്പനി ഉടമയും കൂടാതെ ഒരു ഗോമൂത്ര വിദഗ്ധനും ഉണ്ടെന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം. പേര് നേരിട്ട് പറഞ്ഞില്ലെങ്കിലും പരീക്ഷാ ഏജൻസിയുടെ പുനഃസംഘടനയ്ക്കായുള്ള ആറംഗ സമിതിയിലെ അംഗവും മുൻപ് ഗോമൂത്രത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ശാസ്ത്രീയമായി സംസാരിക്കുകയും ചെയ്ത ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടിയെ ലക്ഷ്യമിട്ടായിരുന്നു ഈ പരാമർശമെന്ന് വ്യക്തമായിരുന്നു.
ഹൈദരാബാദ്, മുംബൈ, ജെഎൻയു അടക്കമുള്ള മുൻനിര സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരും ഐഐടി ഡയറക്ടർമാരും ഉൾപ്പെടെ 215-ഓളം പ്രമുഖർ ഒപ്പിട്ട തുറന്ന കത്തിൽ പ്രിയങ്കയുടെ നിലപാടിനെതിരെ ശക്തമായ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ അധിക്ഷേപത്തിനോ പരിഹാസത്തിനോ വേണ്ടിയാണെങ്കിൽ പോലും ഒരു പ്രമുഖ ശാസ്ത്രജ്ഞനെ കേവലം ഒരു ലേബലിലേക്ക് ഒതുക്കി താഴ്ത്തിക്കെട്ടുന്നത് രാജ്യത്തിന്റെ ശാസ്ത്രീയ ചിന്താഗതിയെയും അക്കാദമിക് സ്വയംഭരണത്തെയും തന്നെ തകർക്കുന്നതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ ആദ്യത്തെ ഇൻഡസ്ട്രി-ഗ്രേഡ് മൈക്രോപ്രൊസസ്സർ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയും അമ്പതിലധികം ഗവേഷണ പദ്ധതികൾക്കും നൂറ്റമ്പതിലേറെ ഗവേഷണ പ്രബന്ധങ്ങൾക്കും നേതൃത്വം നൽകിയ പ്രൊഫ. കാമകോടിയുടെ ശാസ്ത്രീയ സംഭാവനകളെ രാഷ്ട്രീയ അധിക്ഷേപത്തിനായി തമസ്കരിക്കരുതെന്ന് അധ്യാപക സമൂഹം ആവശ്യപ്പെട്ടു. ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങളും ആശയപരമായ സംവാദങ്ങളുമാണ് ഉണ്ടാകേണ്ടതെന്നും, ഇത്തരം നിസാരവൽക്കരണങ്ങൾ അക്കാദമിക് ലോകത്ത് പ്രവർത്തിക്കുന്നവരുടെ ആത്മവീര്യം കെടുത്തുമെന്നും കത്തിൽ പറയുന്നു.








