തിരുവനന്തപുരം : യുഎസിലെ ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ വ്യക്തികളിൽനിന്ന് ലക്ഷങ്ങൾ പിരിക്കുന്ന സംഭവം വിവാദമായതോടെ പ്രതികരണവുമായി നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ രംഗത്ത്. ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെ സംഘാടക സമിതികളാണ് സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തുന്നത് എന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു.
യുഎസിലെ നോർക്ക സമ്മേളനത്തിനായി സർക്കാർ ഖജനാവിൽ നിന്ന് പണം എടുക്കുന്നില്ല. ഇതിൽ പങ്കെടുക്കാൻ പണം നൽകേണ്ടതില്ല, രജിസ്ട്രേഷനും സൗജന്യമാണ്. മുഖ്യമന്ത്രിയെ ആർക്കും കാണാം. അതിന് പണം ആവശ്യമില്ല. പരസ്യം വിവാദമായ സാഹചര്യത്തിൽ എന്താണെന്ന് അന്വേഷിക്കുമെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകൾ നൽകിയാണ് യുഎസിലെ സമ്മേളനത്തിനായി സംഘാടക സമിതി സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് എന്ന വാർത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ന്യായീകരണവുമായി നേതാക്കൾ രംഗത്തെത്തുന്നത്. ഗോൾഡിന് ഒരുലക്ഷം ഡോളർ ( 82 ലക്ഷം രൂപ), സിൽവറിന് 50,000 ഡോളർ (41 ലക്ഷം രൂപ), ബ്രോൺസിന് 25,000 ഡോളർ (20.5 ലക്ഷം രൂപ) എന്നിങ്ങനെയാണ് നൽകേണ്ട തുക.
ഗോൾഡ് പാസ് ഉള്ളവർക്ക് സ്റ്റേജിൽ ഇരിപ്പിടം, വിഐപികൾക്കൊപ്പം ഡിന്നർ, 2 സ്വീറ്റ് മുറി, ഹോട്ടലിലും പുറത്തും പേര് പ്രദർശിപ്പിക്കും, റജിസ്ട്രേഷൻ ഡെസ്കിൽ ബാനർ, സമ്മേളന സുവനീറിൽ 2 പേജ് പരസ്യം, ആഡംബര കാർ സൗകര്യം എന്നിവയുണ്ട്. ന്മ സിൽവർ ആണെങ്കിൽ സ്റ്റേജിൽ ഇരിപ്പിടം, വിഐപികൾക്കൊപ്പം ഡിന്നർ, ഒരു സ്വീറ്റ് മുറി, ഹോട്ടലിലും പുറത്തും പേര് പ്രദർശനം, ബാനർ, സുവനീറിൽ ഒരു പേജ് പരസ്യം എന്നിവയുണ്ടാകും. ബ്രോൺസിന് വിഐപികൾക്കൊപ്പം ഡിന്നർ, സ്റ്റേജിൽ ഇരിപ്പിടം എന്നിവയൊഴിച്ചുള്ള സിൽവർ സൗകര്യങ്ങളുമൊരുക്കും.
Discussion about this post