ന്യൂഡൽഹി; യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇന്ത്യയിലെത്തി. ജപ്പാനും ഫ്രാൻസും ഉൾപ്പെടെ ചതുർരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിലേക്കുളള വരവും. സിംഗപ്പൂരിൽ നിന്നാണ് ലോയ്ഡ് ഓസ്റ്റിൻ ഇന്ത്യയിൽ എത്തിയത്.
ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി ലോയ്ഡിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇന്ത്യയിലേക്ക് തിരിച്ചെത്തിയെന്ന് ആയിരുന്നു ലോയ്ഡ് ഓസ്റ്റിൻ ട്വിറ്ററിൽ കുറിച്ചത്.
പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രതിരോധ പങ്കാളിത്തം ശക്തമാക്കുന്നത് ചർച്ച ചെയ്യുമെന്നും അദ്ദേഹം കുറിച്ചു.
സ്വതന്ത്രവും തുറന്നതുമായ ഇൻഡോ -പസഫിക് മേഖല ലക്ഷ്യം വെച്ചുളള ചർച്ചകളും നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളുടെയും സൈനിക സഹകരണവും വിഷയമാകും. പ്രതിരോധ രംഗത്തെ വ്യാവസായിക സഹകരണവും നവീന ആശയരൂപീകരണവും ഉൾപ്പെടെയുളള കാര്യങ്ങളും ചർച്ചയാകും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉൾപ്പെടെയുളളവരുമായി യുഎസ് പ്രതിരോധ സെക്രട്ടറി ചർച്ചകൾ നടത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം നടത്താനിരിക്കുന്ന വൈറ്റ് ഹൗസ് സന്ദർശനവും ചർച്ചകളിൽ ഇടംപിടിക്കും. ജപ്പാൻ സന്ദർശനത്തിന് ശേഷമാണ് ലോയ്ഡ് ഓസ്റ്റിൻ സിംഗപ്പൂരിൽ എത്തിയത്. ജപ്പാൻ പ്രതിരോധ മന്ത്രി യസുകാസു ഹമാദയുമായി ഉൾപ്പെടെ അദ്ദേഹം ടോക്കിയോയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ സന്ദർശനത്തിന് ശേഷം ഫ്രാൻസിലേക്കാണ് അദ്ദേഹം പോകുക.
Discussion about this post