ന്യൂഡൽഹി: രണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിച്ച് 20 ദിവസത്തിനുള്ളിൽ തന്നെ 50 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആർബിഐ. 1.8 ലക്ഷം കോടിയാണ് തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം. നല്ലൊരു ശതമാനം നോട്ടുകളും ബാങ്ക് നിക്ഷേപമായി തിരിച്ചെത്തിയെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
മാർച്ച് 31 വരെ 3.62 ലക്ഷം കോടി മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകളാണ് വിനിമയത്തിനായി ഉപയോഗിച്ചിരുന്നത്. സെപ്റ്റംബർ 30 വരെ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ കഴിയും. മാറ്റാൻ ആവശ്യമായ കറൻസി സെൻട്രൽ ബാങ്കിന്റെ പക്കലുണ്ട്. എന്നാൽ നോട്ടുകൾ മാറുന്നത് സെപ്തംബർ അവസാനത്തേക്ക് മാറ്റി വച്ച് തിരക്ക് ഉണ്ടാകുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
നോട്ടുകൾ പിൻവലിക്കുന്നതിന് മുൻപ് തന്നെ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യം ഗണ്യമായി കുറഞ്ഞിരുന്നു. 2018നെ അപേക്ഷിച്ച് 46 ശതമാനത്തിന്റെ കുറവാണ് 2023ൽ ഉണ്ടായത്. രാജ്യത്താകെ പ്രചാരത്തിലുള്ള നോട്ടുകളുടെ 10.8 ശതമാനം മാത്രം 2000 നോട്ടുകൾ പിൻവലിക്കുന്ന സമയത്ത് പ്രചാരത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം 19നാണ് 2000ത്തിന്റെ നോട്ടുകൾ പിൻവലിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.










