ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് പിലിഭിത്ത് സ്വദേശിയായ അസീം ഖാൻ ആണ് അറസ്റ്റിലായത്. വിമാനയാത്രികയായ യുവതിയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
വിമാനത്തിൽവച്ച് അസീം ഖാൻ ബോംബിനെക്കുറിച്ച് ഫോണിലൂടെ സംസാരിക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെ വിവരം യുവതി പോലീസിനെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡൽഹിയിൽ നിന്നും മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലായിരുന്നു ഇരുവരും ഉണ്ടായിരുന്നത്. യുവതിയ്ക്ക് തൊട്ടരികിൽ ആയിരുന്നു യുവാവ് ഇരുന്നിരുന്നത്. ഇവിടെ ഇരുന്ന് മൊബൈൽ ഫോണിൽ ബോംബുകളെക്കുറിച്ച് ഇയാൾ സംസാരിച്ചു. ഇതിൽ അസ്വാഭാവികത തോന്നിയതോടെയായിരുന്നു യുവതി വിവരം പോലീസിനെ അറിയിച്ചത്. സംഭവത്തിൽ യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.








