ന്യൂഡൽഹി : സ്‌റ്റേറ്റ് വിസിറ്റിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനം നൽകി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ” ദി ഫ്യൂച്ചർ ഈസ് എഐ- അമേരിക്ക&ഇന്ത്യ” എന്ന് പ്രിന്റ് ചെയ്ത ടീ-ഷർട്ടാണ് ബൈഡൻ മോദിക്ക് സമ്മാനമായി നൽകിയത്. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി AI- ക്ക് പുതിയ അർത്ഥം നൽകി.
”AI ആണ് ഭാവി, അത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയാലും അമേരിക്ക-ഇന്ത്യ ആയാലും! നമ്മുടെ രാജ്യങ്ങൾ ഒരുമിച്ച് നിന്നാൽ ശക്തമാണ്. നമ്മൾ സഹകരിച്ച് പ്രവർത്തിക്കുമ്പോൾ നമ്മുടെ ലോകം മികച്ചതാവും” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇതോടൊപ്പം ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

‘കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ നിരവധി പുരോഗതികൾ ഉണ്ടായിട്ടുണ്ട്. അതേ സമയം, മറ്റൊരു AI- അമേരിക്കയിലും ഇന്ത്യയിലും ഇതിലും സുപ്രധാനമായ വികസനം ഉണ്ടാക്കിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
വൈറ്റ് ഹൗസിൽ ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലാണ് ബൈഡൻ മോദിക്ക് പ്രത്യേക സമ്മാനം നൽകിയത്. ഹൈടെക് മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ നിർണായക കൂടിക്കാഴ്ച.
മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ആപ്പിൾ സിഇഒ ടിം കുക്ക്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ, എഎംഡി സിഇഒ ലിസ സു, നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര, സെരോദ ആന്റ് ട്രൂ ബീക്കൺ സഹസ്ഥാപകൻ നിഖിൽ കാമത്ത്, ത്രീഡിടെക് സഹസ്ഥാപക വൃന്ദ കപൂർ എന്നിവർ ഇന്ത്യൻ ബിസിനസ് ഡെലിഗേഷന്റെ ഭാഗമായി യോഗത്തിൽ ചേർന്നു.










