തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തിനും മുകളിൽ തീവ്ര ന്യൂനമർദ്ദമായി (Deep Depression) ശക്തി പ്രാപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുൻകരുതലിന്റെ ഭാഗമായി യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. അടുത്ത 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മുൻകൂട്ടി പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തീവ്ര ന്യൂനമർദ്ദം ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് മേഖലകളിലൂടെ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ദുർബലമാകാൻ സാധ്യതയുണ്ടെങ്കിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴ തുടരുമെന്നാണ് വിലയിരുത്തൽ. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും വസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് പ്രത്യേക വിലക്കുകൾ ഒന്നും തന്നെ ഏർപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് മലയോര മേഖലകളിൽ മണ്ണടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ രാത്രികാല മലയോര യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണം. പെട്ടെന്നുണ്ടാകുന്ന വെള്ളക്കെട്ടുകൾ നേരിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സേനകളും സജ്ജമായിരിക്കാനും, ദുരന്തനിവാരണ സേനയുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും ഭരണകൂടം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.








